പണികൾ ഇഴഞ്ഞുനീങ്ങുന്ന തിരുവല്ല നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ്
തിരുവല്ല: തിരുവല്ല നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പുനർനിർമാണം ഇഴയുന്നത് യാത്രക്കാരെ വലക്കുന്നു. നഗരസഭ അനുവദിച്ച 30 ലക്ഷം രൂപ ചെലവിട്ട് രണ്ടുമാസം മുമ്പാണ് സ്റ്റാൻഡിന്റെ നവീകരണം ആരംഭിച്ചത്. എന്നാൽ, വിവിധ കാരണങ്ങളാൽ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്. കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി കമ്പികൾ പാകിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഇവ മഴവെള്ളത്തിൽ കിടന്ന് തുരുമ്പ് പിടിക്കുന്ന അവസ്ഥയാണ്.
നവീകരണത്തിന്റെ ഭാഗമായി തിരുവല്ല വൈ.എം.സി.എക്ക് എതിർവശത്തായി നഗരസഭ മൈതാനിയോട് ചേർന്ന് താൽക്കാലിക സ്റ്റാൻഡ് ഒരുക്കിയെങ്കിലും മഴ പെയ്തതോടെ ഇവിടെ ചളി നിറഞ്ഞ നിലയിലാണ്. ബസുകൾക്കും മൈതാനത്തേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ സ്റ്റാൻഡിന് പുറത്ത് ബസ് നിർത്തിയാണ് യാത്രക്കാരെ കയറ്റി ഇറക്കുന്നത്.
ഇതോടെ വൈ.എം.സി.എ കവലയിൽ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തും ടി.കെ റോഡിന്റെ അരികിലുമായാണ് ബസുകൾ ഇപ്പോൾ പാർക്ക് ചെയ്യപ്പെടുന്നു. അതിനാൽ ബസ് എവിടെനിന്ന് പുറപ്പെടുമെന്ന് അറിയാതെ യാത്രക്കാർ മഴയത്ത് നെട്ടോട്ടമോടുന്നതും പതിവാകുകയാണ്.
ബസ്സ്റ്റാൻഡിന്റെ പുനർനിർമാണം വൈകുന്നത് തിരുവല്ലയിൽ പ്രതിദിനം ഓടുന്ന നൂറോളം സ്വകാര്യ ബസ് സർവിസുകളുടെ പ്രവർത്തനത്തെയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ബസ്സ്റ്റാൻഡ് നിർമാണത്തിന്റെ കാര്യത്തിൽ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അലംഭാവമാണ് പണികൾ ഇഴഞ്ഞുനീങ്ങാൻ ഇടയാക്കുന്നത് എന്നതാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.