തിരുവല്ല നഗരസഭ സ്വകാര്യ ബസ്സ്റ്റാൻഡിന്റെ നിർമാണം പുനരാരംഭിച്ചപ്പോൾ
തിരുവല്ല സ്വകാര്യ ബസ്സ്റ്റാൻഡ്; നിർമാണം പുനരാരംഭിച്ചു
തിരുവല്ല: പാതിവഴിയിൽ നിലച്ച തിരുവല്ല സ്വകാര്യ ബസ്സ്റ്റാൻഡിന്റെ നിർമാണം പുനരാരംഭിച്ചു. പണി നിലച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് സാങ്കേതിക തടസ്സം മൂലം നിർത്തിവെച്ച ജോലികൾ തിങ്കളാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. സ്റ്റാൻഡിനെ സംബന്ധിച്ച് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും നിരന്തര പരാതികളെ തുടർന്ന് നഗരസഭ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസം മുമ്പാണ് നിർമാണം ആരംഭിച്ചത്.
കോൺക്രീറ്റിങ്ങിന് മുന്നോടിയായി കമ്പികെട്ടിയ ശേഷം ഒരു മാസമായി പണി നിലച്ചുകിടക്കുകയായിരുന്നു. സ്റ്റാൻഡിന്റെ കോൺക്രീറ്റിങ് ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. മഴക്കാലത്ത് ടി.കെ റോഡിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം സ്റ്റാൻഡിൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്ന തരത്തിലാണ് കോൺക്രീറ്റിങ് നടത്തുന്നത്. ഇതോടൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രവും നവീകരിക്കും. രണ്ടാം ഘട്ടമായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കുന്നതിനായി രണ്ട് ശുചിമുറിയും ഒരുക്കും. നവീകരിച്ച സ്റ്റാൻഡിന്റെ ഉദ്ഘാടനം അടുത്തമാസം രണ്ടാം വാരത്തോടെ നടത്തുമെന്ന് വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ ജിജി വട്ടശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.