കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങും; പൊലീസ് ചമഞ്ഞ് സ്വർണവും പണവും തട്ടിയയാൾ പിടിയിൽ

തിരുവല്ല: പൊലീസുകാരൻ ചമഞ്ഞ് നിരവധി പേരിൽ നിന്നും പണവും സ്വർണാഭരണവും തട്ടിയ യുവാവ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് ഇന്ന് രാവിലെയോടെ പിടിയിലായത്.

തട്ടിപ്പ് സംബന്ധിച്ച് ഞായറാഴ്ച ലഭിച്ച പരാതിയിൽ രണ്ട് ദിവസമായി പൊലീസ് മഫ്തിയിൽ തെരച്ചിൽ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പൊലീസ് സംഘം സംസാരിച്ചു നിൽക്കുന്നതിനിടെ അനീഷ് ബൈക്കിൽ അതുവഴി കടന്നുപോയി. അനീഷിനെ തിരിച്ചറിഞ്ഞതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കാൽ നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയും പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നത്. കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന അനീഷ്, മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞുനിർത്തി പെറ്റി എന്ന പേരിൽ പണം വാങ്ങും. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞ് പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ഇയാൾ പുളിക്കീഴ് വെച്ച് സ്കൂട്ടറിൽ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനം തടഞ്ഞ ശേഷം വാഹന രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞു. ഇതോടെ പണം ആവശ്യപ്പെട്ട് വിജയന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയിട്ട് 5000 രൂപ എടുത്തു. ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല.

കാതിൽ കിടന്നിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു. തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേനെ ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് വിജയൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സമാന തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ ഏതാനും പരാതികൾകൂടി ലഭിച്ചതായി എസ്.ഐ. കവിരാജ് പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മദ്യം വാങ്ങിയതായും, ലോട്ടറി വ്യാപാരിയിൽനിന്ന് പണം തട്ടിയതടക്കം പരാതികളുണ്ടെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - man arrested for impersonation to stole gold and money at Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.