കണക്ഷൻ നൽകിയതിൽ വീഴ്ച ;അസി. എൻജിനീയർക്ക് കെ.എസ്.ഇ.ബിയുടെ കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല: ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷന് വൈദ്യുതി കണക്ഷൻ നൽകിയതിൽ ഗുരുതര വീഴ്ച സംഭവിച്ചതിന് മണിപ്പുഴ സെക്ഷനിലെ അസി. എൻജിനീയർക്ക് കെ.എസ്.ഇ.ബി കാരണം കാണിക്കൽ നോട്ടീസ് നൽകി.ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പൊടിയാടിയിലുള്ള പമ്പ ഫ്യൂവൽസിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചതിലാണ് കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടം വരുത്തിയ വീഴ്ച ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംഭവിച്ചതെന്നാണ് കണ്ടെത്തൽ.

മണിപ്പുഴ സെക്ഷനിലെ അസി. എൻജിനീയർ റജീന ജോർജിനോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയ വൈദ്യുതി ബോർഡ് അധികൃതർ, സംഭവത്തിൽ കൂടുതൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.വൈദ്യുതി ബോർഡിന്‍റെ എസ്റ്റിമേറ്റിന് വിരുദ്ധമായി സ്ഥാപിതശേഷി കൂടിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കണക്ഷൻ നൽകിയതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

60 കിലോ വാട്ട് കണക്ടഡ് ലോഡിൽ സർവിസ് കണക്ഷൻ എടുക്കുന്നതിനാണ് പമ്പ ഫ്യൂവൽസ് അധികൃതർ അപേക്ഷ സമർപ്പിച്ചത്. ഇതിനായി 100 കെ.വി.എ ട്രാൻസ്ഫോർമർ സ്ഥാപിച്ച് സർവിസ് കണക്ഷൻ നൽകാൻ എസ്റ്റിമേറ്റ് തയ്യാറാക്കി. ഇതുപ്രകാരം കഴിഞ്ഞ ഡിസംബർ 16ന് സ്ഥാപന ഉടമ 7,52,624 രൂപ കെ.എസ്.ഇ.ബിയിൽ അടക്കുകയുമുണ്ടായി.

എന്നാൽ അസി. എക്സിക്യുട്ടീവ് എൻജിനിയർ കഴിഞ്ഞ മാസം നടത്തിയ സ്ഥല പരിശോധനയിൽ 100 കെ.വി.എ ട്രാൻസ്ഫോർമറിന് പകരം സ്ഥാപിതശേഷി കൂടിയ 160 കെ.വി.എ ട്രാൻസ്ഫോർമറാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.ഇതിലൂടെ കെ.എസ്.ഇ.ബിക്ക് ഭീമമായ നഷ്ടമുണ്ടായതായും വിലയിരുത്തുന്നു. മണിപ്പുഴ സെക്ഷനിലെ അസി. എൻജിനീയറുടെ ഭാഗത്തുണ്ടായ കൃത്യവിലോപമാണ് ഇതിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് വിശദീകരണം തേടിയിട്ടുള്ളത്.

Tags:    
News Summary - KSEB issues show cause notice to Assistant Engineer for failure to provide connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.