പത്തനംതിട്ട: സീതത്തോട് പഞ്ചായത്ത് മാർക്കറ്റിലെ നിർദിഷ്ട വ്യാപാര സമുച്ചയ നിർമാണം സംബന്ധിച്ച അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിനൽകി കോൺഗ്രസ്. പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്ന് 8.79 കോടി ചെലവഴിച്ച് സമുച്ചയം പണിയാനാണ് കേരള ഭവനനിർമാണ ബോർഡിനെ ഉപയോഗിച്ച് 2022 ജൂണിൽ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കിയത്. പിന്നീട് 141ഉം 241ഉം പേരെ ഉൾക്കൊള്ളാവുന്ന രണ്ടു തിയറ്ററുകൾ മൂന്നും നാലും നിലകളിലായി ക്രമീകരിച്ച് 16.93 കോടിയുടെ പദ്ധതിയാക്കി മാറ്റി.
ഡി.പി.ആർ അംഗീകരിച്ച് ടെൻഡർ നടപടി പൂർത്തീകരിച്ചപ്പോൾപോലും കെട്ടിടം നിർമിക്കുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശം തെളിയിക്കാനായി പഞ്ചായത്തിന്റെ പക്കൽ കൈവശരേഖ ഉണ്ടായിരുന്നില്ല. ഇതിനെതിരെ പരാതി ഉയർന്നപ്പോൾ നിയമവിരുദ്ധമായി കൈവശരേഖ തരപ്പെടുത്തി.അഞ്ച് നിലകളിലായി 30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെയോ അഗ്നിരക്ഷ സേനയുടെയോ ഉൾപ്പെടെ മറ്റ് ഏജൻസികളുടേയോ അംഗീകാരം ഭവനനിർമാണ ബോർഡിന് നൽകിയിട്ടില്ല.
പഞ്ചായത്ത് ഓഫിസിൽ പെർമിറ്റ് സംബന്ധമായ ഒരു രേഖയും ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചു. ഭവനനിർമാണ ബോർഡിൽനിന്ന് ലഭിച്ച കെട്ടിട നിർമാണ പെർമിറ്റിലും പ്ലാനുകളിലും കാണിച്ചിരിക്കുന്ന പെർമിറ്റ് നമ്പർ വ്യാജമാണ്. അപേക്ഷ സ്വീകരിച്ചതായി പറഞ്ഞിരിക്കുന്ന ദിവസം രണ്ടാംശനിയാഴ്ചയും അപേക്ഷ നമ്പർ വ്യാജവുമാണ്. പെർമിറ്റിൽ ഒപ്പിട്ടിരിക്കുന്ന സെക്രട്ടറി അന്നേദിവസം അവധിയാണെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. രണ്ടു നിലകളിലായി ചെറുതും വലുതുമായ 28 മുറികൾ മാത്രമാണ് വാണിജ്യ സമുച്ചയത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കായി വിഭാവനം ചെയ്തിരിക്കുന്നത്.
പകുതിയിലേറെയും 100 ചതുരശ്ര അടിയിൽ താഴെമാത്രം. ഒരു വർഷം മുമ്പ് പൊളിച്ചുനീക്കിയ കെട്ടിടത്തിൽനിന്ന് ലഭിച്ചിരുന്ന വരുമാനം പോലും കോടികൾ മുടക്കി നിർമിക്കുന്ന കെട്ടിടത്തിൽനിന്ന് പഞ്ചായത്തിന് ലഭിക്കില്ല. പഞ്ചായത്തിന്റെ പണം കൊള്ളയടിക്കാൻ വ്യാജ പെർമിറ്റ് സൃഷ്ടിച്ച് മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധവും കോടതി നടപടികളുമായി നേരിടുമെന്നും കോൺഗ്രസ് സീതത്തോട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢനീക്കവും വ്യാജരേഖ ചമക്കലും അന്വേഷിക്കണം. വാർത്തസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് രതീഷ് കെ.നായർ, വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ്, സെക്രട്ടറി ടി.കെ. സലീം, കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് റോഷൻ റോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.