വെച്ചൂച്ചിറ ഇടത്തിക്കാവിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം

കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ കൃഷിയിലേക്ക് തിരിഞ്ഞവർക്ക് ഭീഷണിയായി വന്യമൃഗ ശല്യം

റാന്നി: കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൃഷിയിലേക്ക് ഇറങ്ങിയ കർഷകർക്ക് ഇരുട്ടടിയാകുന്നു നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ. റാന്നിയുടെ കിഴക്കൻ മേഖലയിൽ കാട്ടുമൃഗങ്ങൾ കൂട്ടമായി നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിച്ചത് ഇടിവെട്ടിയവനെ പാമ്പ് കടിച്ചതു പോലെയായി.

കോവിഡും പ്രളയവും വിതച്ച ദുരിതം അകറ്റാൻ റാന്നി മേഖലയിൽ ധാരാളം ആളുകൾ കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. ജീവനും ജീവനോപാധികൾക്കും ഭീഷണിയായ മൃഗ ശല്യത്തിൽ അങ്കലാപ്പിലായി കർഷക കുടുംബങ്ങൾ. വെച്ചൂച്ചിറ, നാറാണംമൂഴി, വടശ്ശേരിക്കര, പെരുനാട്, സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്.

പരാതിപ്പെടുമ്പോൾ മാത്രം അനങ്ങുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. തുടർ നടപടികളില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണിവരെന്ന് കർഷകർ. കഴിഞ്ഞ രാത്രിയിൽ ശബരിമല വനമേഖലയയിൽ നിന്ന് പമ്പാ നദി കടന്നെത്തിയ കാട്ടാനക്കൂട്ടം വെച്ചൂച്ചിറ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടന്നുകയറി വൻ നാശനഷ്ടം വിതച്ചതാണ് അവസാന സംഭവം.

നിരവധി കർഷകരുടെ വിളവെത്തിയ നൂറു കണക്കിന് കുലവാഴകൾ, തെങ്ങിൻ തൈകൾ, മറ്റു ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിക്കപ്പെട്ടു. കോവിഡ് മഹാമാരിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് കൃഷിയിലേക്ക് തിരിഞ്ഞ മാത്യൂ ജോസഫ് കൊണ്ടൂരിന്‍റെ വിളവെടുക്കാൻ പാകമായ നൂറു കണക്കിന് വാഴക്കുലകളാണ് നശിപ്പിക്കപ്പെട്ടത്. ഒപ്പം ജോസഫ് വടക്കേമുറി, അനീഷ് വടക്കേ മുറി, സാബു കുറ്റിയിൽ , ആന്‍റണി ഞള്ളാനിയിൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടു.

കോവിഡ് മൂലം വലയുന്ന കർഷകർക്ക് ഇരുട്ടടിയായി മാറുകയാണ് വന്യമൃഗങ്ങളുടെ കടന്നുകയറ്റം. ജനവാസ മേഖലയിൽ സ്ഥിരമായി കടന്നു കയറി നാശം വിതയ്ക്കുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്നും രക്ഷപെടാൻ അതിർത്തി മേഖലകളിൽ സോളാർ കമ്പിവേലി കൾ നിർമിച്ച് സംരക്ഷണം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Tags:    
News Summary - wild elephants damages crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.