ഗോ​പി

ഗോപിക്ക് ഇപ്പോഴും വോട്ട് അകലെ

റാന്നി: പഞ്ചായത്ത് എട്ടാം വാർഡിൽ ഓലിപ്പാട്ട് വീട്ടിൽ താമസിക്കുന്ന ഗോപി എന്ന 67കാരന് ഇക്കുറിയും വോട്ടു ചെയ്യാനാകില്ല. തെരഞ്ഞെടുപ്പുകൾ പലതും കടന്നു പോയെങ്കിലും സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ആധികാരിക രേഖകൾ ഒന്നും സ്വന്തം പേരിലില്ലാത്തതാണു കാരണം. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ ആധികാരികതയുള്ള ആധാർ കാർഡ്, വോട്ടർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയൊന്നും സ്വന്തമായില്ല. അതിനായി ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. അടുത്ത കാലത്തു വരെ റേഷൻ കാർഡിൽ പേരുണ്ടായിരുന്നു. അത് പിന്നീട് നീക്കം ചെയ്തു.

അയൽവാസിയായ സജി ഗ്രാമസഭയിൽ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്ന് വാർഡ് മെംബർ ഇടപെട്ട് വില്ലേജ് ഓഫീസിൽനിന്ന് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനായി ചില ശ്രമങ്ങൾ നടത്തി. ഒരു സർക്കാർ രേഖ സ്വന്തം പേരിൽ ഉണ്ടാക്കാനുള്ള ആദ്യ നടപടിയെന്ന നിലയ്ക്ക് നടത്തിയ ശ്രമവും പരാജയപ്പെട്ടു. വളർന്നതും പഠിച്ചതും റാന്നി പെരുനാട് പഞ്ചായത്തിൽ പൊട്ടൻ മൂഴിയിലാണ്. സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി പല കുടുംബങ്ങളായി പല ദേശത്തായതോടെ ഗോപി ഒറ്റപ്പെട്ടു. പിന്നീട് പുതുശേരിമലയിലെ ഇളയ സഹോദരനൊപ്പം കൂടി.

ചെറുപ്പം മുതൽ നല്ല അധ്വാനിയായിരുന്നു. കൂലിപ്പണിയും ഫർണിച്ചർ പണിയുമായി ജീവിതം തള്ളിനീക്കി. അവിവാഹിതനാണ്. സ്വന്തമായി കൂരയില്ലാത്തതിനാൽ ജീവിതപങ്കാളിയെ കണ്ടെത്തി കുടുംബ ജീവിതം കരുപിടിപ്പിക്കാനും കഴിഞ്ഞില്ല. അടുത്ത കാലത്തായി വാർധക്യസഹജമായ അസുഖങ്ങൾ പിടിപ്പെട്ടു തുടങ്ങി. സർക്കാറിന്‍റെ വാർധക്യകാല പെൻഷൻ ലഭിക്കണമെന്ന് ഇപ്പോൾ ആഗ്രഹമുണ്ട്. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖകളും സംഘടിപ്പിക്കണം. സർക്കാർ ആനുകൂല്യങ്ങൾ വേണം. കൂട്ടത്തിൽ ഇനിയുള്ള തെരഞ്ഞെടുപ്പുകളിലെങ്കിലും വോട്ടും ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹം. 

Tags:    
News Summary - news about a man whom name excluded from voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.