മല്ലപ്പള്ളി: വേനൽ രൂക്ഷമായതോടെ മലയോര മേഖലകളിലും വയലോലകളിലും ചെറുസസ്യങ്ങളും, അടിക്കാടുകളും കരിഞ്ഞുണങ്ങിയതോടെ കന്നുകാലികൾക്ക് നൽകാൻ തീറ്റക്കായി ക്ഷീരകർഷകർ നെട്ടോട്ടം ഓടുന്നു.
താലൂക്കിന്റെ കിഴക്കൻ മലയോര മേഖലയിലെ കർഷകരാണ് ഏറെ ദുരിതത്തിലായത്. എഴുമറ്റൂർ, കൊറ്റനാട് കോട്ടാങ്ങൽ പഞ്ചായത്തുകളിലെ മലയോര മേഖലയിലെ നിർമലപുരം, നാഗപ്പാറ,കിടികെട്ടിപ്പാറ, പുളിക്കൻ പാറ, തോട്ടത്താംകുഴി, കരുവള്ളിക്കാട്, ആലപ്രക്കാട്, വഞ്ചികപ്പാറ, തൊടുകയിൽ മല, പുല്ലാന്നിപ്പാറ, തടത്തേൽ മല,മലമ്പാറ, കാട്ടോലിപ്പാറ, പെരുമ്പാറ, പുളിക്ക മറ്റം മല, കാരമല, മേത്താനം, കൂലിപ്പാറ, അറഞ്ഞിക്കൽ, മൈലാടുംപാറ എന്നിവിടങ്ങളിലെ സ്ഥിതി രൂക്ഷമായിരിക്കുകയാണ്.
പ്രദേശത്തെ മിക്കയിടങ്ങളിലെയും തീറ്റപ്പുൽ കൃഷിയടക്കം കരിഞ്ഞുണങ്ങി. തീറ്റക്കായി കർഷകർ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ്.
വേനൽ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് ലോറികളിൽ എത്തിക്കുന്ന വയ്ക്കോലായിരുന്നു കർഷകരുടെ ഏക ആശ്രയം. എന്നാൽ വൈക്കോൽ ലഭ്യത കുറവും അമിത വിലയും കർഷകർക്ക് ഇരുട്ടടിയായി.
കഴിഞ്ഞ വർഷങ്ങളിൽ ചക്ക വിളവെത്തും മുമ്പ് കൊത്തിയരിഞ്ഞ് പല പ്രാവശ്യമായി ഉരുക്കൾക്ക് നൽകിയിരുന്നു. ഇത്തവണ ചക്ക ഉണ്ടാകാൻ താമസിച്ചതും പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്. മുൻ വർങ്ങളിലെപ്പോലെ വേനൽമഴ ലഭിക്കാത്തതും കർഷകർക്ക് ദുരിതമായി.
വേനൽച്ചൂട് കടുത്തതോടെ ക്ഷീര സംഘങ്ങളിൽ എത്തുന്ന പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.