പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ പാർട്ടികൾ ഒരുക്കം തുടങ്ങി. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും കളമൊരുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. യു.ഡി.എഫിൽ കോൺഗ്രസും എൽ.ഡി.എഫിൽ സി.പി.എമ്മും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ ബി.ജെ.പിയും നിർണായക നീക്കത്തിലാണ്. യു.ഡി.എഫിൽ സിറ്റിങ് എം.പി ആന്റോ ആന്റണി തന്നെ നാലം അങ്കത്തിന് ഇറങ്ങുമെന്നാണ് സൂചന.
ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലവും 2021ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിടിച്ചെടുത്തിരുന്നു. ജില്ല പഞ്ചായത്ത് ഭരണവും 2020ൽ കൈപ്പിടിയിലൊതുക്കി. പിന്നീടു നടന്ന പല തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. ഇതിനെ മറികടക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്.
യു.ഡി.എഫിന്റെ കോട്ടയെന്ന് വിശേഷണമുണ്ടായിരുന്ന ജില്ലയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അടിപതറിയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വേറൊന്നായിരിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ആന്റോ ആന്റണി തന്നെയാകും സ്ഥാനാർഥിയെന്ന നിലയിലാണ് കോൺഗ്രസ് മുന്നോട്ടുനീങ്ങുന്നത്. കോൺഗ്രസ് ജില്ല നേതൃയോഗം കഴിഞ്ഞ ദിവസം തിരുവല്ലയിൽ ചേർന്നു. യു.ഡി.എഫ് ജില്ല നേതൃക്യാമ്പ് ഇന്ന് ചരൽക്കുന്നിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന യാത്രയോടെ കളം മുറുകുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ജില്ലയിലെ പൊതുപരിപാടികളിലൂടെ ആന്റോ ആന്റണി ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്.
പത്തനംതിട്ട ലോക്സഭ മണ്ഡലം പിടിക്കുന്നതിന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിനെ രംഗത്തിറക്കാന്‍ സി.പി.എമ്മിലെ ഒരുവിഭാഗം ശ്രമം തുടങ്ങി. ജില്ലയുടെ ചുമതല കൂടിയുള്ള ഐസക് ഒരുവര്‍ഷമായി പത്തനംതിട്ടയില്‍ സജീവവുമാണ്. കഴിഞ്ഞയാഴ്ച തിരുവല്ലയില്‍ സംഘടിപ്പിച്ച മൈഗ്രേഷന്‍ കോണ്‍ക്ലേവിലൂടെ അദ്ദേഹം തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാല്‍, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഐസക് ഇതേവരെ മനസ്സുതുറന്നിട്ടില്ല.
പാര്‍ട്ടി തീരുമാനം വരട്ടേയെന്നാണ് നിലപാട്. ഐസക് മത്സരിക്കുന്നില്ലെങ്കില്‍ മറ്റൊരാളെ പരിഗണിച്ചാല്‍ മതിയെന്നാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം നേതാക്കള്‍ക്കുള്ള ജില്ലതല ശിൽപശാല അടൂരിൽ നടന്നു. തോമസ് ഐസക്കിനായിരുന്നു ഇതിന്റെയും ചുമതല. മണ്ഡലത്തില്‍ ഇതേവരെ സി.പി.എമ്മിനു ജയിക്കാനായില്ലെങ്കിലും ഓരോതവണയും യു.ഡി.എഫ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചു വരുന്നത്.
കഴിഞ്ഞതവണ ശബരിമല യുവതി പ്രവേശന വിഷയം ഇല്ലായിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍. ജില്ലയുടെ രാഷ്ട്രീയം എല്‍.ഡി.എഫ് അനുകൂലമായി മാറിയതും നേട്ടമാണെന്ന് നേതാക്കള്‍ പറയുന്നു.
സംസ്ഥാനത്ത് ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽപെടുത്തിയിട്ടുള്ളതാണ് പത്തനംതിട്ട. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരുന്നു 2019ൽ മത്സരിച്ചത്. അന്നു ലഭിച്ച വോട്ട് വർധന തുടരാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സ്ഥാനാർഥിയെ സംബന്ധിച്ചു തീരുമാനമായിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കോന്നി നിയമസഭ മണ്ഡലത്തിലും കെ. സുരേന്ദ്രൻ സ്ഥാനാർഥിയായി എത്തിയിരുന്നു.
പത്തനംതിട്ട: ലോക്സഭ വോട്ടർ പട്ടികയിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പട്ടികയിൽനിന്ന് ഒഴിവാക്കിയത് 12,421 പേരെയാണ്. സ്ഥലത്തില്ലാത്തവരും മരിച്ചവരുമെന്ന കണക്കിൽ ഒഴിവാക്കപ്പെട്ടവയാണിവ. തിരുവല്ല -2663, റാന്നി -2453, ആറന്മുള -2835, കോന്നി -2205, അടൂർ -2265 എന്നിങ്ങനെയാണ് ഒഴിവാക്കിയവരുടെ എണ്ണം. പുതുതായി 7669 പേരാണ് ഇടം പിടിച്ചത്. പുതിയ വോട്ടർമാരെ ചേർത്തതിലൂടെ ജില്ലയിൽ ഇത്തവണ 2611 പേരുടെ വർധനയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.