പത്തനംതിട്ട: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബി.ജെ.പി പൊതുസ്വതന്ത്രനെ നിർത്താൻ സാധ്യത. ക്രിസ്തീയ വിഭാഗത്തിലുള്ള സ്ഥാനാർഥിക്കാണ് പരിഗണന. ബി.ജെ.പി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർഥിയായാൽ വിജയം ഉറപ്പെന്നാണ് പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജ് പറയുന്നത്.
ബി.ജെ.പി കേന്ദ്രനേതൃത്വം പ്രാധാന്യം നൽകുന്ന എ ക്ലാസ് കാറ്റഗറിയിലെ ലോക്സഭ മണ്ഡലമാണ് പത്തനംതിട്ട. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തിൽ ജനപ്രിയ സ്ഥാനാർഥി വേണമെന്നാണ് നിർദേശം.
ആന്റോ ആൻറണി എം.പിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് നിയോഗിച്ച ഏജൻസിയുടെ റിപ്പോര്‍ട്ട് . മൂന്നുതവണ ജയിച്ച ആൻറോക്ക് പകരം മറ്റൊരാൾ വരട്ടെയെന്ന അഭിപ്രായക്കാരാണ് കോൺഗ്രസിൽ നല്ലൊരു വിഭാഗവും. ഈ ഭിന്നത മുതലെടുക്കാനാണ് ക്രിസ്തീയ വിഭാഗത്തിൽനിന്നുള്ള പൊതു സ്ഥാനാർഥിയെ തേടാൻ ബി.ജെ.പി നിർബന്ധിതരാകുന്നത്.
ബി.ജെ.പി പിന്തുണയുണ്ടെങ്കിൽ എൻ.ഡി.എ സ്ഥാനാർഥിയാകാനുള്ള ആഗ്രഹം പി.സി. ജോർജിനുണ്ട്. ബി.ജെ.പി പിന്തുണയിൽ ജയിക്കാൻ കഴിയുമെന്നാണ് ജോർജ് പറയുന്നത്.
ജോർജിന് അനുകൂലമായ നിലപാടാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ നേതാക്കൾ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയുന്നു. ദേശീയ ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡൻറ് നോബിൾ മാത്യുവും എൻ.എസ്.എസ് സഹയാത്രികനും മുതിർന്ന നേതാവുമായ ബി. രാധാകൃഷ്ണ മേനോനും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ട്.
മണ്ഡലത്തിലെ വിവിധ സാമുദായിക നേതൃത്വവുമായുള്ള മികച്ച ബന്ധം തന്നെയാണ് ഇരുവരുടെയും പിടിവള്ളി.
ഹിന്ദു ഐക്യവേദി ഉൾപ്പെടെ ഹിന്ദുത്വ സംഘടനകളുടെ അഭിപ്രായവും സ്ഥാനാർഥിത്വത്തിൽ നിർണായകമാണ്. യു.ഡി.എഫിൽ ആന്റോ ആൻറണി മാറിയാൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് സാധ്യതയേറിയിട്ടുണ്ട്. മണ്ഡലത്തിൽ സജീവമാകാൻ നിർദേശം ലഭിച്ചിട്ടുണ്ട്. അടൂർ സ്വദേശിയായതിനാൽ പാർട്ടിക്കുള്ളിൽ എതിർപ്പും കുറവാണ്.
സി.പി.എമ്മിൽ മുൻ എം.എൽ.എ രാജു എബ്രഹാമിനും സാധ്യത വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.