പത്തനംതിട്ട: പട്ടികജാതി സമൂഹത്തിന് ഭവനനിർമാണ ഗ്രാന്റ് പത്തുലക്ഷം രൂപയാക്കണമെന്ന് സാംബവ മഹാസഭ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ലഭിക്കുന്ന നാലുലക്ഷം രൂപകൊണ്ട് വീടിന്റെ അടിത്തറപോലും നിർമിക്കാനാവില്ല. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പട്ടികജാതി വികസന പദ്ധതികൾ കൈമാറ്റം ചെയ്തത് ഫലപ്രദമായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഫണ്ട് വൻതോതിൽ പാഴാകുന്നു. നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഉത്തരവാദപ്പെട്ട പട്ടികജാതി-വർഗ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്താൻ തയാറായിട്ടില്ല.
ഉന്നതോദ്യോഗ മേഖലയിൽ പട്ടികവിഭാഗക്കാർ തഴയപ്പെടുകയാണ്. താക്കോൽ സ്ഥാനങ്ങളിൽ എത്താതിരിക്കാൻ സവർണ ലോബി പ്രവർത്തിക്കുന്നു. ആകെയുള്ള 14 സർവകലാശാലകളിൽ ഒരാൾപോലും പട്ടികവിഭാഗത്തിൽനിന്ന് വി.സി പദവിയിൽ ഇല്ല. ബാംബൂ കോർപറേഷൻ ഭരണസമിതിയിൽനിന്നും സാംബവർ ഒഴിവാക്കപ്പെട്ടിട്ട് അരനൂറ്റാണ്ടിലധികമായി. പട്ടികവിഭാഗ വിദ്യാർഥികളുടെ ആനുകൂല്യം വർധിപ്പിക്കാൻ തയാറാകണം. ജില്ലതോറും പ്രീ എക്സാമിനേഷൻ സെന്ററുകൾ ആരംഭിക്കുക, പട്ടികവിഭാഗ വിദ്യാർഥികളുടെ ഹോസ്റ്റൽ സൗകര്യം ഉറപ്പുവരുത്തുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സുസ്ഥിരവികസനം ഉറപ്പുവരുത്തുന്ന സമഗ്ര പട്ടികജാതി- പട്ടികവർഗ നയം പ്രഖ്യാപിക്കുക, സംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ ജാതി സെൻസസ് നടത്തുക, എയ്ഡഡ് മേഖലയിൽ സംവരണം ഏർപ്പെടുത്തുക തുടങ്ങിയ അടിയന്തരാവശ്യങ്ങളും നടപ്പാക്കണം. പഴകുളത്ത് നടന്ന സംസ്ഥാന നേതൃക്യാമ്പിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, ട്രഷറർ ഇ.എസ്. ഭാസ്കരൻ, രജിസ്ട്രാർ എ. രാമചന്ദ്രൻ, എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ കെ. തിരുവല്ല, കോഴഞ്ചേരി യൂനിയൻ പ്രസിഡന്റ് ഗിരീഷ് തയ്യാട്ട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.