പത്തനംതിട്ട: ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇപ്പോൾ വലുതായി മാറിയ വിവാദം, ഇത് സംബന്ധിച്ച് ലഭിച്ച പരാതികളും പഞ്ചായത്ത് കമ്മിറ്റിയുടെ പ്രമേയങ്ങളും അവഗണിച്ചുമുന്നോട്ടുപോയതിന്റെ ഫലമെന്ന് ആക്ഷേപം. റോഡ് പണിയിലെ അശാസ്ത്രീയത സംബന്ധിച്ച് ആദ്യം പരാതി നൽകിയത് സി.പി.എം ഇടത്തിട്ട തെക്ക്, വടക്ക് സംയുക്ത ബ്രാഞ്ചാണ്. പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് മന്ത്രി, കെ.ആർ.എഫ്.ബി എന്നിവർക്ക് നൽകിയ പരാതികൾ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം പരിഗണിച്ചിരുന്നു. എന്നാൽ, പരാതിക്കാരെ വിളിച്ചില്ല. നടപടിയുമുണ്ടായില്ല.
നിർമാണത്തിലെ അപാകതകൾക്കെതിരെയും അലൈൻമെന്റ് മാറ്റണമെന്നും പഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസാക്കിയതാണ്. ഇതൊക്കെ വിസ്മരിച്ചാണ് ഇപ്പോൾ സി.പി.എം ജില്ല സെക്രട്ടറി തന്നെ ആരോപണ വിധേയർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 12 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 43 കോടി രൂപ മുടക്കി 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ഒമ്പത് മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിലാണ് ടാറിങ്. എന്നാൽ പുറമ്പോക്ക് കൈയേറ്റങ്ങളും അലൈൻമെന്റ് മാറ്റങ്ങളുമൊക്കെ റോഡിന്റെ നിർമാണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിൽ കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിന് മുന്നിലെ പാർക്കിങ് ഏരിയ സംരക്ഷിക്കാൻ ഓട വളച്ചു കെട്ടിയെന്നതിന് സമാനമായ ആക്ഷേപങ്ങൾ ഇതിനു മുമ്പും ഉയർന്നിരുന്നു. കൊടുമൺ മുതൽ ഇടത്തിട്ട വരെ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ഒട്ടേറെ കൈയേറ്റങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് അളന്ന് തിട്ടപ്പെടുത്തി വീണ്ടെടുക്കണമെന്ന പരാതികൾ അവഗണിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. റോഡ് പൂർത്തിയാകുമ്പോൾ ഇടത്തിട്ട ജങ്ഷൻ, സ്വാമിക്കട, കാവുംപാട്ട് ക്ഷേത്രത്തിന് മുൻവശം, കുരിശടിക്ക് സമീപം എന്നിവിടങ്ങളിൽ റോഡിന് വീതി കുറവായിരിക്കും.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട അലൈൻമെന്റ് വർഷങ്ങൾക്കു മുമ്പ് എടുത്തതാണെന്ന് പറയപ്പെടുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഏറെയാണ്. കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ മുതൽ ഇപ്പോഴത്തെ സ്റ്റേഷന്റെ മുൻവശം വരെ ഓട റോഡിലേക്ക് ഇറക്കിയാണ് പണിതിട്ടുള്ളത്. വാഴവിള പാലം മുതൽ പഴയ പൊലീസ് സ്റ്റേഷൻ ജങ്ഷൻ വരെയുള്ള നിർമാണത്തിലെ അപാകതയും പരിഹരിക്കാനായിട്ടില്ല . സ്റ്റേഡിയം ഭാഗത്ത് വീതി തീരെയില്ല.
പഴയ പൊലീസ് സ്റ്റേഷൻ ജങ്ഷനിലെ ആൽമരം റോഡ് വികസനഭാഗമായാണ് മുറിച്ചുമാറ്റിയത്. എന്നാൽ, ടാറിടുന്ന ഭാഗവും ഓടയും കഴിഞ്ഞ് നിന്നിരുന്ന ആൽമരം മുറിച്ചുകളഞ്ഞത് നാട്ടുകാരുടെ വിമർശനത്തിന് ഇടയാക്കി. ഓട എടുത്തപ്പോൾ ആൽമരത്തിന്റെ കുറ്റി പിഴുത് മാറ്റിയില്ല. ഓട പണിതിരിക്കുന്നതും അശാസ്ത്രീയമായാണ്. ഇടത്തിട്ട മുതൽ ചന്ദനപ്പള്ളി ജങ്ഷൻ വരെ പലഭാഗത്തും ഓട പണിതിട്ടില്ല. വേനൽമഴയിലെ കുത്തൊഴുക്കിൽ റോഡുകവിഞ്ഞാണ് വെള്ളം ഒഴുകിയത്. റോഡ് ഉയർത്തിയാലും ഇതുതന്നെയാകും സംഭവിക്കുക. പൊന്നെടുത്താംകുഴി ഭാഗത്ത് ഉറവവെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.
തട്ട - അങ്ങാടിക്കൽ, ഏഴംകുളം - കൈപ്പട്ടൂർ റോഡുകൾ സംഗമിക്കുന്ന നാൽക്കവലയായ ഇടത്തിട്ട ജങ്ഷനിലെ വീതി കുറവ് അപകടത്തിന് ഇടയാക്കുമെന്ന പരാതികൾ വകവെക്കാതെ നിർമാണം നടക്കുകയാണ്. ഈ ഭാഗത്ത് നടപ്പാതയും ഓടയുമില്ല. ചിലർ റോഡ് കൈയേറി അതിര് കെട്ടിയതുകൊണ്ടാണ് വീതി കുറഞ്ഞത്. കാവുംപാട്ട് ക്ഷേത്രത്തിനും ഇടത്തിട്ട ജങ്ഷനും ഇടയിൽ പടിഞ്ഞാറുവശത്ത് മാത്രമാണ് ഓടയുള്ളത്. കിഴക്ക് വശത്ത് ഓട നിർമിക്കാത്തത് വെള്ളക്കെട്ടിന് കാരണമാകും.
രണ്ടാംകുറ്റിയിലെ അപകട വളവ് റോഡ് പുനർനിർമാണത്തിലും നിവർന്നിട്ടില്ല. വളവ് നേരേയാക്കാൻ സ്ഥലമുണ്ടായിട്ടും ഈ അപകട വളവ് നിവർത്താതെ പഴയപടി നിലനിർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.