പഴയ പത്രം കളയരുത്​; പൊന്നുംവിലയാണിപ്പോൾ

പത്തനംതിട്ട: മുമ്പ് കിലോക്ക് അഞ്ച് രൂപ കഷ്ടിച്ച് കിട്ടിയിരുന്ന പഴയ പത്രങ്ങൾക്ക് മൂന്നിരട്ടി ഡിമാൻഡ്. ഇപ്പോൾ കിലോക്ക് 30-33വരെ ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനവും ആഗോളതലത്തിൽ റഷ്യ-യുക്രെയ്ൻ സംഘർഷവും, ശ്രീലങ്കൻ ആഭ്യന്തര പ്രശ്നങ്ങളുമാണ് പഴയ പത്രങ്ങളുടെ ആവശ്യകത ഉയർത്തിയത്.

ആഗോളതലത്തിൽ കടലാസിന് വലിയ ക്ഷാമം നേരിടുന്നുണ്ട്. കോവിഡിന് മുമ്പ് 10-13 രൂപവരെ ലഭിച്ചിരുന്ന വിലയാണ് ആഗോളപ്രശ്നങ്ങളിൽ ഇപ്പോൾ കുതിച്ചുയർന്നത്. ഇതിനിടെ രാജ്യത്തുനിന്നുള്ള കടലാസിന്‍റെ കയറ്റുമതി 13,963 കോടിയെന്ന സർവകാല റെക്കോഡിൽ എത്തിയതായി കോമേഴ്സ്യൽ ഇന്‍റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ജനറലിന്‍റെ കണക്കും പുറത്തുവന്നു.

ഇന്ത്യയിലേക്കുള്ള ന്യൂസ് പ്രിന്‍റിന്‍റെ 45 ശതമാനം റഷ്യയിൽനിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ  മറ്റ് രാജ്യങ്ങളിലെ കമ്പനികൾ കരാറുകൾ വ്യാപകമായി റദ്ദാക്കിയിരുന്നു.

ആഗോള ഉപരോധത്തെ തുടർന്ന് ഷിപ്പിങ് കമ്പനികളും തുറമുഖങ്ങളും റഷ്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചതും ആഭ്യന്തര വിപണിയിൽ കടലാസിന് ക്ഷാമം നേരിടാൻ കാരണമായി. ശ്രീലങ്കയിലെ ആഭ്യന്തരപ്രശ്നങ്ങൾ ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. മിക്കവാറും തുറമുഖങ്ങൾ അടഞ്ഞതോടെ ന്യൂസ് പ്രിന്‍റുകളുമായി വന്ന കണ്ടെയ്നറുകൾ കെട്ടിക്കിടക്കുകയാണ്.

ഇതിനിടെ ചൈനയുടെ കടലാസ്, പൾപ്പ് ഇറക്കുമതി വൻ തോതിൽ ഉയർന്നിരുന്നു. ഇ-കോമേഴ്സ് മേഖലയിൽ കാർട്ടൺ ബോക്സുകൾക്ക് വൻതോതിൽ ആവശ്യമായതോടെ ഇന്ത്യയിലെ കടലാസ് കയറ്റുമതിയും ഉയർന്നു. കാർട്ടൺ ബോക്സുകൾക്ക് വിവിധ രാജ്യങ്ങളിലെ കമ്പനികളിൽനിന്ന് ചൈനക്ക് വൻതോതിൽ കരാറുകളും ലഭിക്കുന്നുണ്ട്.

ചൈന, ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ്, സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലെ കടലാസ് കയറ്റുമതിയുടെ 90 ശതമാനവും. കടലാസ്, ക്രാഫ്റ്റ്പേപ്പർ, കാർട്ടൺ ബോക്സ് എന്നിവയു​ടെ ആവശ്യം ലോകവ്യാപകമായി ഉയരുന്നതിനാൽ പഴയ കടലാസിന്‍റെ വില ഇനിയും ഉയരുമെന്നാണ് ഇന്ത്യൻ പേപ്പർ മാനുഫാക്ചേഴ്സ് അസോസിയേഷൻ നൽകുന്ന സൂചനകൾ.


Tags:    
News Summary - Dont throw away the old newspaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-14 02:23 GMT