അടൂര്‍ കോട്ടമുകളിൽ ഇരുചക്ര വാഹന ഷോറൂമിന് തീപിടിച്ചപ്പോൾ
അടൂര്‍: കോട്ടമുകളിൽ ഇരുചക്ര വാഹന ഷോറൂമിന് തീ പിടിച്ച് ഇരുപത്തിയഞ്ചോളം വാഹനങ്ങള്‍ കത്തിനശിച്ചു. കെ.പി റോഡില്‍ കോട്ടമുകള്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടി.വി.എസിന്റെ അംഗീകൃത സര്‍വിസ് സെന്ററിലാണ് ചൊവ്വാഴ്ച പുലർച്ച തീപിടിത്തമുണ്ടായത്. പുലര്‍ച്ച അഞ്ചോടെയാണ് സര്‍വിസ് സെന്ററില്‍നിന്ന് തീ ഉയരുന്നതായി അഗ്നിരക്ഷാസേനക്ക് സന്ദേശം ലഭിച്ചത്. ഉടന്‍ പത്തനംതിട്ടയില്‍നിന്നും അടൂരില്‍നിന്നും സേനയുടെ യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
ഉയരത്തിലേക്ക് തീ പടർന്നതോടെ കടുത്ത ആശങ്കയും ഉയർന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിന് ഇരുവശത്തും വീടുകളും ഫ്ലാറ്റുകളും പഴങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നു. ഇത് ആശങ്കക്ക് കാരണമാവുകയും ചെയ്തു. ഇത് കണക്കിലെടുത്ത് അതിവേഗം ഇടപെട്ട അഗ്നിരക്ഷാസേന സര്‍വിസ് സെന്ററിന്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് വെള്ളം പമ്പ് ചെയ്ത് തീയണക്കുകയായിരുന്നു. ഒരുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കോട്ടണ്‍ വേസ്റ്റും അപ്ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനങ്ങളും കടക്കുള്ളിൽ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ തീവ്രത വർധിപ്പിച്ചു.
സംഭവം പുലര്‍ച്ച ആയതിനാലും കെ.പി റോഡില്‍ തിരക്ക് ഇല്ലാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി. കൃത്യസമയത്ത് അഗ്നിരക്ഷാസേന എത്തിയതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വിസ് സെന്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം ദുഷ്കരമായ സാഹചര്യത്തിലാണ് അഗ്നിരക്ഷാസേന പ്രവര്‍ത്തിച്ചത്.പന്തളം സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഏഴ് വര്‍ഷമായി ഇവിടെ ടി.വി.എസ് സര്‍വിസ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുകയാണ്. കെട്ടിടത്തോട് ചേര്‍ന്ന് പിന്‍വശത്ത് താൽക്കാലിക ഷെഡ് നിർമിച്ച് വാഹനങ്ങള്‍ അതിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവിടെ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. മുപ്പതോളം വാഹനങ്ങള്‍ക്ക് പുറമെ കത്താന്‍ പര്യാപ്തമായ നിരവധി വസ്തുക്കളും വലിയ അളവില്‍ ഈ ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്നു ഇതും തീ ആളിപ്പടരുന്നതിന് കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. പത്തനംതിട്ട അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ വി. വിനോദ്കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ പ്രേമചന്ദ്രന് നായര്‍, അടൂർ സ്റ്റേഷന് ഓഫിസര്‍ കെ.സി റെജികുമാര്‍, സീനിയര്‍ ഓഫിസര്‍ വി.എം. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.