പൊന്നമ്മ
പത്തനംതിട്ട: അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. കൊല്ലമുള തുലാപ്പള്ളി മൂലക്കയം പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നപ്പന്‍റെ ഭാര്യ പൊന്നമ്മയാണ് (65) അറസ്റ്റിലായത്. ഇവരുടെ കുടുംബവുമായി വിരോധത്തിൽ കഴിഞ്ഞിരുന്ന അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കണ്ണിന് ഉൾപ്പെടെ പൊള്ളൽ ഉണ്ടാക്കിയെന്നാണ് കേസ്.
2000 ജൂലൈ 30ന് രാത്രിയിലായിരുന്നു സംഭവം. ഇവരുടെ അയൽവാസി കൊല്ലമുള തുലാപ്പള്ളി മൂലക്കയം വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരനാണ് പൊന്നമ്മയുടെ ആസിഡ് ആക്രമണത്തിൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടത്. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന ടി.എ. ശ്രീകുമാർ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ വെച്ചൂച്ചിറ എസ്.ഐ ആയിരുന്ന കെ.വി. വിജയൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
2003ൽ കോടതി ഇവരെ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. എന്നാൽ ഇവർ ഹൈകോടതിയിൽ അപ്പീൽ നൽകി ശിക്ഷയിൽ ഇളവ് നേടിയെങ്കിലും ശിക്ഷ അനുഭവിക്കാൻ തയാറാകാതെ പൊലീസിനെ കബളിപ്പിച്ച് പല സ്ഥലങ്ങളിലായി ഒളിച്ചുതാമസിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആയി ആർ. ആനന്ദ് ചുമതലയേറ്റ ശേഷം കുറ്റവാളികൾക്ക് എതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊന്നമ്മയുടെ ഭർത്താവും സ്ഥിരം കുറ്റവാളിയുമായ പൊന്നപ്പനെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം വ്യാപിപ്പിച്ചതോടെ പൊന്നമ്മ കീഴടങ്ങുകയായിരുന്നു. പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.