ചതുരകള്ളിപ്പാറ കുടിവെള്ള പദ്ധതിക്ക് 76.70 ലക്ഷം രൂപയുടെ ഭരണാനുമതി

വടശ്ശേരിക്കര: ചിറ്റാർ കാരികയം ചത്തുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന്​ 76,70,000 രൂപയുടെ ഭരണനുമതി ലഭിച്ചെന്ന്​ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പട്ടികജാതി കോർപസ് ഫണ്ടിൽനിന്ന്​ തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ചിറ്റാർ കാരികയം ചത്തുരക്കള്ളിപ്പാറ പ്രദേശത്തെ 62 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾക്ക്​ സഹായകമാകും. എം.എൽ.എ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിക്ക്​ നിവേദനം നൽകുകയും പദ്ധതി വകുപ്പ്തല വർക്കിങ് ഗ്രൂപ്പിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചു ഉത്തരവ് ലഭിക്കുകയുമായിരുന്നു. ചിറ്റാർ കമ്പകത്തും പാറയിൽ നിലവിലുള്ള രണ്ടു ലക്ഷം ലിറ്റർ സ്റ്റോറേജ് ടാങ്കിൽ വെള്ളം പമ്പ് ചെയ്ത്​ അവിടെനിന്ന്​ പൈപ്പ് ലൈൻ വഴി പാർഥസാരഥി ക്ഷേത്രം വക സ്ഥലത്തു സ്ഥാപിക്കുന്ന ടാങ്കിൽ എത്തിച്ച്​ വിതരണം നടത്തും. പദ്ധതി നടത്തിപ്പിനാവശ്യമായ തുക നടപ്പ് സാമ്പത്തികവർഷത്തെ കോർപ്പസ് ഫണ്ട് ശീർഷകത്തിൽനിന്ന്​ ജില്ല പട്ടികജാതി വികസന ഓഫിസർക്ക് അനുമതി നൽകിക്കൊണ്ടാണ് ഉത്തരവായത്. കേരള വാട്ടർ അതോറിറ്റിക്കാണ് നിർവഹണ ചുമതല. ജില്ല പട്ടികജാതി വികസന ഓഫിസർ വാട്ടർ അതോറിറ്റി ഡിവിഷനിൽ തുക ഡിപ്പോസിറ്റ് ചെയ്യും. ഓരോ കുടുംബങ്ങളിലേക്കും വ്യക്തിഗത കുടിവെള്ള കണക്​ഷനാണ് നൽകുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.