ജൽജീവൻ മിഷൻ: പെരുനാട് പഞ്ചായത്തിൽ 26 കോടിയുടെ പദ്ധതി

റാന്നി: പെരുനാട് പഞ്ചായത്തിലെ എല്ലാ മേഖലയിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് ജൽജീവൻ മിഷനിലൂടെ 26 കോടി രൂപയുടെ പദ്ധതി. പഞ്ചായത്തിലെ ജൽജീവൻ മിഷൻ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിന്​ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ച യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. റാന്നി-പെരുനാട് കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, നിർമാണത്തിലിരിക്കുന്ന പെരുനാട്-അത്തിക്കയം മേജർ കുടിവെള്ള പദ്ധതി, നിലയ്ക്കൽ കുടിവെള്ള പദ്ധതി എന്നിവിടങ്ങളിൽനിന്നാണ് എത്തിക്കുന്നത്. ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ 2838 ഗാർഹിക കണക്​ഷനാണ് പെരുനാട് പഞ്ചായത്തിൽ നൽകുക. അതോറിറ്റി 1450 കണക്ഷനും നൽകും. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. പുതിയ പ്ലാന്‍റിലേക്ക് വെള്ളം എത്തിക്കാൻ 150 കുതിരശക്തിയുടെ മോട്ടോർ വെക്കും. ഇത് പ്രവർത്തിപ്പിക്കുന്നതിന് 400 കെ.വി ട്രാൻസ്​ഫോർമർ ആവശ്യമുണ്ട്. കോട്ടൂപ്പാറ, മാമ്പാറ, ഇടപ്രമല, മന്ദപ്പുഴ, മുണ്ടൻമല എന്നിവിടങ്ങളിലെ ടാങ്കിൽ വെള്ളം എത്തിച്ചാണ് വിവിധ ഭാഗങ്ങളിൽ ജലം വിതരണം ചെയ്യുന്നത്. നിലയ്ക്കൽ കുടിവെള്ള പദ്ധതിയിൽനിന്നാണ് തുലാപ്പള്ളി, പമ്പാവാലി, അട്ടത്തോട്, ളാഹ മേഖലകളിൽ കുടിവെള്ളം എത്തിക്കുന്നത്. കോൺട്രാക്ടർ നിർമാണ പ്രവൃത്തികൾ ഇടക്കുവെച്ച് നിർത്തിയതിനാൽ ഇയാളെ ഒഴിവാക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പുതിയ കരാർ വെക്കണം. അട്ടത്തോട് പട്ടികവർഗ മേഖലയിൽ ഒന്നാം ഘട്ടത്തിൽതന്നെ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിൽ നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതിനുമുമ്പ് റോഡ് മുറിച്ച് പൈപ്പുകൾ സ്ഥാപിക്കണം. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. മോഹൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി പ്രോജക്ട് വിഭാഗം എക്സി. എൻജിനീയർ പി.ആർ. സുനിൽ, ജലവിഭവ വകുപ്പ് എക്സി. എൻജിനീയർ ടി. തുളസീധരൻ, അസി. എക്സി. എൻജിനീയർമാരായ ബാബുരാജ്, അഞ്ജു, അസി. എൻജിനീയർമാരായ ആർ.ഡി. അനിൽകുമാർ, അശ്വിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.