ജൽ ജീവന്‍: നാറാണംമൂഴിയില്‍ സംയുക്ത പരിശോധന 21ന്

വടശ്ശേരിക്കര: നാറാണംമൂഴി പഞ്ചായത്തില്‍ ജൽ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന 21ന് ഉച്ചക്ക്​ രണ്ടിന് നടത്തും. ജൽ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ നാറാണംമൂഴി പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലം എത്തിക്കാനുള്ള സാധ്യത പരിശോധിച്ച് നടപടി സ്വീകരിക്കാനും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭിക്കാനും നടപടി സ്വീകരിക്കും. ജൽ ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാൻ നാറാണംമൂഴി പഞ്ചായത്തില്‍ 54. 52 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, പെരുന്തേനരുവി കുടിവെള്ള പദ്ധതി, തോണിക്കടവ് കുടിവെള്ള പദ്ധതി എന്നിവിടങ്ങളില്‍നിന്നാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുക. നിലവില്‍ കരികുളം, കുടമുരുട്ടി ഭാഗങ്ങളില്‍ ഭാഗികമായേ കുടിവെള്ള വിതരണം നടക്കുന്നുള്ളൂ. വെച്ചൂച്ചിറയില്‍നിന്ന്​ വരുന്ന കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണേണ്ടതുണ്ട്. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍ ഇട്ടുകഴിഞ്ഞു. പഞ്ചാരമുക്ക് ടാങ്കില്‍നിന്ന്​ വെള്ളം പമ്പ് ചെയ്ത് ചെമ്പന്‍മുടിയില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്. ഇരു വിഭാഗങ്ങളിലുമായി 3508 കണക്ഷനുകളാണ് ജൽ ജീവന്‍ മിഷന്‍ വഴി നല്‍കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി പ്രോജക്ട് വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി.ആര്‍. സുനില്‍, ജലവിഭവ വകുപ്പ് എക്‌സി. എന്‍ജിനീയര്‍ ടി. തുളസീധരന്‍, അസി. എക്‌സി എന്‍ജിനീയര്‍മാരായ ബാബുരാജ്, അഞ്ജു, അസി. എന്‍ജിനീയര്‍മാരായ ആര്‍.ഡി. അനില്‍കുമാര്‍, അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. -------------------------- വായന ദിനാഘോഷം ജില്ലതല ഉദ്ഘാടനം നാളെ അടൂരില്‍ പത്തനംതിട്ട: വായന ദിനാഘോഷം ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് അടൂര്‍ ബോയ്സ് എച്ച്.എസ്.എസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിർവഹിക്കും. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ വായനദിന സന്ദേശം നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് മെംബര്‍ പ്രഫ ടി.കെ.ജി. നായര്‍ വായനാനുഭവം പങ്കുവെക്കും. വായനയുടെ വസന്തകാലം പരിപാടിയുടെ ഭാഗമായി കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.