ഇറച്ചിക്കോഴി വില കുതിക്കുന്നു; കാറ്ററിങ് മേഖലക്ക് പ്രതിസന്ധി

പന്തളം: ഇറച്ചിക്കോഴിയുടെ വില കുതിച്ചുയർന്നതോടെ കാറ്ററിങ് മേഖല പ്രതിസന്ധിയിൽ. കിലോക്ക്​ 164 രൂപ വരെയായി ഇറച്ചിക്കോഴി വില. ഹോട്ടൽ, കാറ്ററിങ് മേഖലകളിൽ വിലകൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്ന സ്ഥിതിയായി. വിലകൂട്ടാതെ മറ്റ്​ മാർഗമില്ലന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. നേരത്തേ 100- 110 രൂപ ആയിരുന്നു ഇറച്ചിക്കോഴിയുടെ വിലയാണ് കുത്തനെ ഉയർന്നത്. രണ്ടുകിലോ തൂക്കമുള്ള ഇറച്ചിക്കോഴിയിൽനിന്ന് 1.2 - 1.3 കിലോ ഇറച്ചിയാണ് ലഭിക്കുന്നത്. കോഴിത്തീറ്റ, കോഴിക്കുഞ്ഞുങ്ങൾ എന്നിവയുടെ വില വർധനയാണ് ഇറച്ചിക്കോഴി വില ഉയരാൻ കാരണമെന്ന് പൗൾട്രി ഉടമകൾ പറഞ്ഞു. കോഴികൾക്ക് നൽകുന്ന മരുന്നുകളുടെ വിലയും വർധിച്ചു. നേരത്തേ 12 രൂപക്ക്​ ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന്‍റെ വില 43 രൂപയായി. തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് 100 രൂപയിലേറെ വർധിച്ചു. 45 ദിവസം പ്രായമാക്കുന്നവയെ ആണ് സാധാരണ വിൽക്കാറുള്ളതെങ്കിലും തീറ്റയുടെ വില ഉയർന്ന സാഹചര്യത്തിൽ പലരും 35-40 ദിവസത്തിന്നുള്ളിൽ വിറ്റഴിക്കുകയാണ്. 500 കോഴിയുള്ള ഫാമിൽ രണ്ടു ചാക്ക് തീറ്റ ദിനംപ്രതി വേണ്ടിവരും. നഷ്ടം ഉണ്ടാകാതിരിക്കുന്നതിനാണ് നേരത്തേ കോഴികളെ വിറ്റഴിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.