യാത്രക്ലേശം രൂക്ഷം; പരിഹാരത്തിന്​ മുറവിളി

ചുങ്കപ്പാറ: താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിൽനിന്ന്​ മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് സർവിസ് ഇല്ലാത്തതുമൂലം ദുരിതം അനുഭവിക്കുന്നത്. ചുങ്കപ്പാറ-പൊന്തൻപുഴ റൂട്ടിലും, ചുങ്കപ്പാറ-കോട്ടാങ്ങൽ-മണിമല റൂട്ടിലുമാണ് ബസ് സർവിസ് കുറഞ്ഞത്. വിദ്യാർഥികളും ദൂരെ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റും കൃത്യസമയത്ത് ഓഫിസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്ടപ്പെടേണ്ടിവരുന്നു. നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മിനിറ്റുകൾ വ്യത്യാസങ്ങളിൽ മത്സരിച്ച് സർവിസ് നടത്തിയിരുന്ന പൊന്തൻപുഴ - ചുങ്കപ്പാറ റൂട്ടിൽ ഇപ്പോൾ അഞ്ച് സ്വകാര്യ ബസ് ചില ദിവസങ്ങളിൽ മാത്രമാണ് സർവിസ് നടത്തുന്നത്. അതും മണിക്കൂറുകൾ വ്യത്യാസത്തിലും. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും സർവിസ് നടത്താറുമില്ല. ഏഴ് ബസുകൾ നിരവധി ട്രിപ്പുകൾ നടത്തിയിരുന്ന ചുങ്കപ്പാറ-കോട്ടാങ്ങൽ - മണിമല റൂട്ടിൽ ഇപ്പോൾ ഒരു ബസുപോലും സർവിസ് നടത്തുന്നില്ല. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന്​ സർവിസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലെയും സർവിസുകൾ മണിമലക്കും പൊന്തൻപുഴക്കും സർവിസ് നീട്ടുകയാണെങ്കിൽ യാത്രക്ലേശത്തിന് പരിഹാരമാകും. യാത്രക്കാരുടെ കുറവാണ് ട്രിപ്പുകൾ മുടക്കാൻ കാരണമെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ചില ദിവസങ്ങളിൽ ഡീസലിനുള്ള തുകപോലും ലഭിക്കുന്നില്ല. പ്രദേശത്തെ യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.