യുക്രെയ്നിൽ ഭീതിയുടെ നിഴലിൽ പ്രാർഥനപൂർവം വിദ്യാർഥികൾ; നാട്ടിൽ രക്ഷാകർത്താക്കളുടെ മനസ്സിൽ ആശങ്കയേറി

അടൂർ: കർണാടക സ്വദേശി വിദ്യാർഥി യുക്രെയ്നിൽ കൊല്ലപ്പെട്ടതോടെ പ്രാർഥനപൂർവം യുക്രെയ്നിലെ വിദ്യാർഥികൾ. നാട്ടിൽ രക്ഷാകർത്താക്കളുടെ ആശങ്കയും വർധിച്ചു. പുറത്ത് ഏതുനേരവും ഷെല്ലുകൾ പൊട്ടുന്നതിന്‍റെ കാതടപ്പിക്കുന്ന ശബ്ദം. കൈയിലുള്ള ഭക്ഷണവും തീർന്നു. വെള്ളമാണെങ്കിൽ കുറച്ച് മണിക്കൂറത്തേക്ക് മാത്രം. ഇതാണ് യുദ്ധം ആറാം ദിവസം പിന്നിടുമ്പോൾ തങ്ങളുടെ അവസ്ഥയെന്ന് യുക്രെയ്നിലെ ഖർകിവ് ഇന്‍റർനാഷനൽ മെഡിക്കൽ കോളജിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി ലിയ ആൻ വർഗീസ് (21) പറഞ്ഞു. അടൂർ മണക്കാല തുവയൂർ വടക്ക് ചേനക്കാലയിൽ വർഗീസ് ലൂക്കോസിന്‍റെയും അനിയുടെയും മകൾ ലിയ ഖർകിവിലെ ബങ്കറിലായിരുന്നു താമസം. ഒപ്പം ഇന്ത്യക്കാരായ 20 വിദ്യാർഥികളുമുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ ടാക്സിയിൽ ബൊക്സാൽ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ട്രെയിനിൽ കിയവിലേക്ക് യാത്ര തിരിച്ചു. അവിടെ എത്തണമെങ്കിൽ എട്ട് മണിക്കൂർ യാത്ര ചെയ്യണം. അവിടുന്ന് ഉക്രൂദ് എത്തണം. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് ടാക്സി കിട്ടിയത്. ബങ്കറിൽ ഇരിക്കുമ്പോൾ ആഹാരം തീർന്നു. അൽപം വെള്ളം മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. ചീറിപ്പായുന്ന ഷെല്ലുകൾക്കിടയിലൂടെയാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. രണ്ട് ദിവസമായി കർഫ്യൂ ഒഴിയുന്ന സമയത്ത് സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റുകളിൽ എത്തിയാൽ നാല് കി.മീ. നീണ്ട ക്യൂവായിരുന്നു. അതിനാൽ ഭക്ഷണസാധനങ്ങൾ വാങ്ങാൻ കഴിയാതെ ഫ്ലാറ്റിലേക്ക് മടങ്ങുകയായിരുന്നു. ആറ് ദിവസം മുമ്പ് വൻ സ്ഫോടനശബ്ദം കേട്ടാണ് ഖർകിവിലെ ഫ്ലാറ്റിൽ ഞെട്ടിയുണർന്നത്. ഉടൻ ആവശ്യമായ ഭക്ഷണം ശേഖരിച്ചിരുന്നു. റഷ്യയുടെ അതിർത്തി പ്രദേശംകൂടിയായ ഈസ്റ്റേൺ യുക്രെയ്നിലാണ് ലിയ ആൻ വർഗീസ് പഠിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതോടെ ക്ലാസുകൾ നിർത്തി. താമസിച്ചിരുന്ന ഫ്ലാറ്റിൽ ബങ്കർ ഇല്ലാത്തതിനാൽ സമീപത്തെ മറ്റൊരു ഫ്ലാറ്റിലേക്ക് പോയി. കെട്ടിടങ്ങളുടെ ജനലിന്റെ സമീപത്ത് നിൽക്കരുതെന്നും ഏറ്റവും മുകളിലത്തെ നിലയിൽ നിൽക്കരുതെന്നും നിർദേശം ഉണ്ടെന്ന് ലിയ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് 2019 ഫെബ്രുവരിയിലാണ് എം.ബി.ബി.എസ് പഠനത്തിന്​ ലിയ യുക്രെയ്നിലേക്ക് പോയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 ജൂലൈയിൽ നാട്ടിൽ വന്നിരുന്നു. ഒരു വർഷത്തിന് ശേഷം 2021 നവംബർ എട്ടിനാണ് മടങ്ങിയത്. വീട്ടിൽനിന്ന് പണം അയച്ചുകൊടുത്തെങ്കിലും എ.ടി.എമ്മിൽ പണം ഇല്ലാത്തതിനാൽ എടുക്കാനും കഴിഞ്ഞില്ലെന്ന് ലിയ പറഞ്ഞു. PTL ADR Ukraine 1. ഖർകിവ് മെഡിക്കൽ കോളജ് വിദ്യാർഥിനി ലിയ ആൻ വർഗീസും കൂട്ടുകാരും 2. ലിയ ആൻ വർഗീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.