സംസ്ഥാനപാത നിർമാണം: കരാറുകാരെ ശകാരിച്ച്​ എം.എൽ എ

കോന്നി: പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണിയാം എന്ന് കരാർ കമ്പനി കരുതരുത് എന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ പരസ്യ ശകാരം. കോന്നിയിലെ കെ.എസ്.ടി.പി റോഡ് നിർമാണം സംബന്ധിച്ച പരാതി കേൾക്കാൻ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി - വ്യാപാരി സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് കോന്നി - പുനലൂർ റീച്ചിന്‍റെ നിർമാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളെ എം.എൽ.എ ശകാരിച്ചത്. കോന്നി ടൗണിലെ നിർമാണവുമായി ബന്ധപ്പെട്ടും കോന്നി - പുനലൂർ റീച്ചിന്‍റെ നിർമാണവുമായി ബന്ധപ്പെട്ടും വ്യാപക പരാതികളാണ് ഉയർന്നത്. റോഡ് നിർമാണത്തിന്‍റെ ഭാഗമായി എടുത്തുമാറ്റുന്ന പച്ച മണ്ണും പാറയും കരാർ കമ്പനി സ്വകാര്യ വ്യക്തികൾക്ക് കടത്തി നൽകുന്നു എന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. ഇത് ഗൗരവമുള്ള പരാതിയാണെന്നും ജില്ല കലക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് വാങ്ങി കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇതുസംബന്ധിച്ച് അറിയാവുന്ന വിവരങ്ങൾ ജില്ല കലക്ടർക്ക് കൈമാറണമെന്നും എം.എൽ.എ പറഞ്ഞു. കോന്നി ടൗൺ മുതൽ എലിയറക്കൽ വരെയുള്ള ഭാഗത്ത് റോഡിന് വീതിക്കുറവാണ് എന്ന പരാതി റവന്യൂ സംഘവും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധിക്കും. ഈ ഭാഗത്ത് പുറമ്പോക്ക് ഉൾപ്പെടെ എടുത്ത് പരമാവധി വീതിയിൽ റോഡ് വികസിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. കോന്നി പഞ്ചായത്തിലെ ജലനിധി പദ്ധതികളായ ജലധാര, ജലസാഗര, ഇളയാംകുന്ന് എന്നിവക്ക്​ റോഡ് നിർമാണം മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ 10.81 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്നും ഉടൻ പരിഹാരമാകുമെന്നും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. റോഡ് നിർമാണംമൂലം പൈപ്പ് തകർന്ന് ജലവിതരണം തടസ്സപ്പെട്ട സ്ഥലങ്ങളിലെ ആളുകൾക്ക് ടാങ്കറിൽ കരാർ കമ്പനി ജലം എത്തിച്ച്​ നൽകണമെന്ന് നിർദേശിച്ചു. പൊടിശല്യം ഒഴിവാക്കാൻ നാലുതവണ റോഡ് നനയ്ക്കണം. വീടുകളിലേക്കും കടകളിലേക്കും കയറാൻ നിർമാണം മൂലം തടസ്സമുണ്ടാകുന്നു എന്ന പരാതികൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. യോഗതീരുമാനങ്ങളിൽ കൈക്കൊണ്ട നടപടികൾ 10 ദിവസം കൂടുമ്പോൾ പരിശോധിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജിജി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റോജി എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫൈസൽ, ആനി സാബു, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ കെ.ജി. ഉദയകുമാർ, സിന്ധു സന്തോഷ്, ഡെപ്യൂട്ടി കലക്ടർ ടി.എസ്. ജയശ്രീ, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ജാസ്മിൻ, അഡീഷനൽ തഹസിൽദാർ മഞ്ജുഷ, മറ്റ് ജനപ്രതിനിധികൾ, കരാർ കമ്പനി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.