തൂണുകൾ റോഡിന് നടുവിൽ, സംരക്ഷണ ഭിത്തിയില്ല റോഡ് നിർമാണത്തിൽ അപാകതയെന്ന് പരാതി

കോന്നി: ആഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡ് വികസനത്തിൽ അപാകതയെന്ന് പരാതി. പൊതുമരാമത്ത് വകുപ്പിന്റെ നാലു കിലോമീറ്റർ റോഡ് പണികൾ ഒരാഴ്​ച മുമ്പാണ് പൂർത്തിയായത്. വൈദ്യുതി തൂണുകൾ ഇപ്പോഴും റോഡിന് നടുവിലാണ്. പല ഭാഗങ്ങളിലും സംരക്ഷണ ഭിത്തികൾ നിർമിക്കാത്തത് അപകടഭീഷണിയാണ്. കോട്ടമുക്ക് ഭാഗത്ത് 50 മീറ്റർ ഭാഗത്ത് മാത്രമേ ഓടകൾ നിർമിച്ചിട്ടുള്ളു. നാലു കിലോമീറ്റർ ഭാഗവും കടന്നുപോകുന്നത് ചരിഞ്ഞ മലഞ്ചരുവിലൂടെയാണ്. മഴക്കാലത്ത് മലഞ്ചരുവിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം ഓടകളില്ലാത്തതിനാൽ റോഡിലൂടെയാണ് ഒഴുകുന്നത്. ദിശാബോർഡുകളോ, ക്രാഷ് ബാരിയറുകളോ, ഐറിഷ് ഓടയോ നിർമിച്ചിട്ടില്ല. കിഴക്കുപുറം ജങ്ഷൻ അപകട സാധ്യതയുള്ള പ്രദേശമാണെങ്കിലും ദിശ സൂചന ബോർഡുകളില്ല. 5 .5 മീറ്റർ വീതിയിൽ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന റോഡിൽ പലഭാഗങ്ങളിലും വീതി കുറച്ചാണ്​ ടാറിങ് നടത്തിയതെന്നും നാട്ടുകാർ പറയുന്നു. അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പണികൾ തടഞ്ഞ സംഭവവും മുമ്പ് ഉണ്ടായി. റോഡിൽ പലഭാഗങ്ങളിലും മുമ്പ് ഉണ്ടായിരുന്ന കലുങ്കുകളും അടച്ചിട്ടുണ്ട്. കോന്നി പഞ്ചായത്തിലെ ആഞ്ഞിലികുന്നിൽനിന്നും തുടങ്ങി മലയാലപ്പുഴ പഞ്ചായത്തിലെ ഇലകുളം കോട്ടമുക്കിൽ അവസാനിക്കുന്ന റോഡാണിത്. ആറു കോടി മുതൽ മുടക്കിലാണ് റോഡ് വികസനം നടന്നത്. ശബരിമല തീർഥാടനകാലത്ത് തമിഴ്നാട്ടിൽനിന്ന് കാൽനടയായി വരുന്ന തീർഥാടകർ അച്ചൻകോവിൽ, കല്ലേലി, കോന്നി വഴി ഈ റോഡിലൂടെയാണ് മലയാലപ്പുഴയിലേക്കും തുടർന്ന് എരുമേലിയിലേക്കും പോകുന്നത്. റോഡ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് ബി.ഡി.വൈ എസ്, ജില്ല സെക്രട്ടറി പ്രകാശ് കിഴക്കുപുറം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.