സ്​റ്റേഡിയം കൈയേറി ഡ്രൈവിങ്​ പരിശീലനം പള്ളിക്കലില്‍ കായികപ്രേമികള്‍ക്ക് ആശ്രയം പാതകളും പറമ്പുകളും

അടൂര്‍: മിനി സ്​റ്റേഡിയം എന്ന് പേര്, പക്ഷേ, കായിക പരിശീലനത്തിന് ഇവിടം കിട്ടില്ല. നടക്കുന്നത് ഡ്രൈവിങ് പരിശീലനമാണ്. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ മൂന്ന് പതിറ്റാണ്ട് മുമ്പ്​ 15 വാര്‍ഡ് ചാലയില്‍ ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്‍റെ അവസ്ഥയാണിത്. പാതയിലും പറമ്പിലും പരിശീലനം നടത്തി ശ്രീലങ്കയില്‍ നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിന്‍റെ അന്തര്‍ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയ ചന്ദ്രികയും വീടിനു ചുറ്റും കമ്പെറിഞ്ഞ് പഠിച്ച് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ പെരിങ്ങനാട് സ്വദേശി അനിലയും കായിക രംഗത്തെ പള്ളിക്കലിന്‍റെ അഭിമാനമാണ്. വളര്‍ന്നുവരുന്ന ഒട്ടേറെപ്പേര്‍ കായികപരിശീലനത്തിന് അവസരമില്ലാതെ വലയുമ്പോഴാണ് ഒരേക്കര്‍ വിസ്തൃതിയുള്ള സ്‌റ്റേഡിയം സ്വകാര്യവ്യക്തികള്‍ കൈയേറിയത്. 1989 മാര്‍ച്ച് 13ന് എന്‍. ദാമോദരന്‍ പഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കുമ്പോള്‍ അന്നത്തെ എം.എല്‍.എ ആര്‍. ഉണ്ണികൃഷ്ണന്‍ ശിലാസ്ഥാപനം നടത്തി 1990 ഏപ്രില്‍ 23ന്​ തദ്ദേശ സ്വയംഭരണ മന്ത്രി വി.ജെ. തങ്കപ്പനാണ് സ്‌റ്റേഡിയം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍, പേരില്‍ സ്റ്റേഡിയമായിട്ട് 31 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്കോ മറ്റു സൗകര്യങ്ങളോ മിനി സ്റ്റേഡിയത്തിലില്ല. ഇവിടം ഡ്രൈവിങ് സ്‌കൂളുകാരുടെ പരിശീലനവും മോട്ടോര്‍ വാഹനവകുപ്പിന്‍റെ ടെസ്റ്റും നടത്താനുള്ള വേദിയായി മാറി. സ്റ്റേഡിയത്തിലെ ഓപണ്‍ എയര്‍ ഓഡിറ്റോറിയം ഇടിഞ്ഞുവീഴാറായ നിലയിലാണ്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ഭിത്തികളില്‍ ആല് വളർന്ന്​ വിള്ളല്‍ ഉണ്ടായി ജീര്‍ണാവസ്ഥയിലാണ്. വേദിയുടെ ഇരുവശത്തും രണ്ടു ഡ്രസിങ് മുറികളുണ്ട്. ഇതിന്‍റെ വാതിലുകളും ജനലും സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. സ്വച്ഛ്​ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ നിര്‍മിച്ച ശുചിമുറികളും നശിച്ചനിലയിലാണ്. വൈദ്യുതി, വാട്ടര്‍ കണക്​ഷന്‍ ഇല്ല. ഓഡിറ്റോറിയത്തിന്‍റെ ഭിത്തിയില്‍ വെള്ളമിറങ്ങി വയറിങ് നശിക്കുകയും സ്വിച്ച്‌ബോര്‍ഡുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സ്റ്റേഡിയത്തിലും ഓഡിറ്റോറിയത്തിലും പരിസരത്തും മദ്യപരും മറ്റ് സാമൂഹികവിരുദ്ധരും രാത്രിയില്‍ വിഹരിക്കുന്നു. ഇതിനു പിന്നിലെല്ലാം മദ്യക്കുപ്പികളും മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. സ്റ്റേഡിയം നവീകരണത്തിനു പദ്ധതി തയാറാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ട്രാക്ക്, ഗാലറി ഉള്‍പ്പെടെ ഒരുക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കി സമര്‍പ്പിച്ചത്. കളിക്കാരും ഡ്രൈവിങ് പരിശീലകരും തമ്മില്‍ വാക്കേറ്റം സംഘര്‍ഷാവസ്ഥയില്‍ വരെ എത്തിയ സംഭവങ്ങള്‍ അടുത്തിടെയുണ്ടായി. PTL ADR Stadium 1. പള്ളിക്കൽ മിനി സ്റ്റേഡിയം 2. വൃത്തിഹീനമായ ശുചിമുറി 3. ഓപൺ എയർ ഓഡിറ്റോറിയത്തിന്‍റെ ഭിത്തി ആല് വളർന്നും ജീർണാവസ്ഥയിലും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.