അടൂരില്‍ കവര്‍, ഇന്‍ലൻഡ്​, സ്റ്റാമ്പ് കിട്ടാനില്ല

അടൂര്‍: അടൂര്‍ മുഖ്യ തപാല്‍ കാര്യാലയത്തിനുകീഴിലുള്ള തപാല്‍ ഓഫിസുകളിലും ബ്രാഞ്ച് ഓഫിസുകളിലും കവര്‍, ഇന്‍ലൻഡ്​​ എന്നിവക്ക്​ ക്ഷാമം നേരിടുന്നത് ഇടപാടുകാരെ വലക്കുന്നു. ഇവ ഏതെങ്കിലും ഉണ്ടെങ്കില്‍തന്നെ സ്റ്റാമ്പ് കിട്ടാനില്ല. 25, 50, ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് രൂപകളുടെ സ്റ്റാമ്പാണ് തപാല്‍ ഓഫിസുകളില്‍നിന്ന്​ മൂന്ന് മാസംമുമ്പ് അപ്രത്യക്ഷമായത്. 10, 15, 20 രൂപകളുടെ സ്റ്റാമ്പുകള്‍ മാത്രമാണുള്ളത്. സാധാരണയായി ഏറ്റവും കൂടുതല്‍ തപാല്‍ ഉരുപ്പടികള്‍ 25 ഗ്രാമിന്‍റേതാണ് അയക്കുന്നത്. ഇതിന് അഞ്ചുരൂപയുടെ സ്റ്റാമ്പാണ് ഒട്ടിക്കേണ്ടത്. എന്നാല്‍, അഞ്ചുരൂപയുടെ സ്റ്റാമ്പി​ന്‍റെ ദൗര്‍ലഭ്യം കാരണം ഇപ്പോള്‍ അത്യാവശ്യക്കാര്‍ 25-30 രൂപ ചെലവഴിച്ച് സ്പീഡ് പോസ്റ്റിനെയോ സ്വകാര്യ കൊരിയര്‍ ഏജന്‍സികളെയോ ആണ് ആശ്രയിക്കുന്നത്. പൈതൃക സ്​റ്റാമ്പുകള്‍ ലഭിക്കുമെന്ന് മിക്ക തപാല്‍ ഓഫിസുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയും കിട്ടാനില്ല. ജില്ലയില്‍ എറണാകുളം പോസ്റ്റല്‍ ഡിപ്പോയില്‍ നിന്നാണ് സ്റ്റാമ്പുകളെത്തുന്നത്. വിവിധ വിദ്യാഭ്യാസ കോഴ്സുകളുടെ അപേക്ഷകളും സര്‍വകലാശാല പരീക്ഷകളുടെ അപേക്ഷ ഫോറങ്ങളും അയക്കേണ്ട വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും നെട്ടോട്ടത്തിലാണ്. സ്റ്റാമ്പും കവറുമില്ലെന്ന് പറയുമ്പോള്‍ ഇടപാടുകാര്‍ ക്ഷുഭിതരാവുകയും വാക്കേറ്റമുണ്ടാവുകയും ചെയ്യുന്നത് തപാല്‍ ഓഫിസുകളില്‍ പതിവായി. കവറും ഇന്‍ലൻഡും സ്റ്റാമ്പും പ്രിന്‍റ്​​ ചെയ്ത്​ കിട്ടുന്നില്ലെന്ന് തപാല്‍ ഓഫിസ് അധികൃതര്‍ പറയുമ്പോള്‍ ഇതെല്ലാം ആവശ്യത്തിനുണ്ടെന്നും പ്രാദേശിക ഓഫിസുകളില്‍നിന്ന് ഇവ രേഖാമൂലം ആവശ്യപ്പെടാത്തതിനാലാണ് നല്‍കാന്‍ കഴിയാത്തതെന്നുമാണ് ജില്ല തപാല്‍ സൂപ്രണ്ട് ഓഫിസ് അധികൃതര്‍ പറഞ്ഞത്. തപാല്‍ ഓഫിസുകളില്‍ സ്റ്റാമ്പുകള്‍ക്കും കൃത്രിമ ക്ഷാമമുണ്ടാക്കുകയാണെന്നും ഇത് സ്വകാര്യ കൊരിയര്‍ ഏജന്‍സികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.