വിദ്യാഭ്യാസ വായ്പ: പരാതി പരിഹാര അദാലത് ഫെബ്രുവരി ഒന്നിന്

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ പൊതുമാനദണ്ഡം പാലിക്കണമെന്നും അന്യായമായ കാരണങ്ങള്‍ കാണിച്ച് വായ്പ നിരസിക്കരുതെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും നല്‍കുന്നു എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിയ പ്രത്യേക യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു കലക്ടര്‍. വിദ്യാഭ്യാസ വായ്പ അപേക്ഷകളില്‍ അര്‍ഹരായവര്‍ക്ക് ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കണമെന്നും വായ്പ നടപടി വിദ്യാര്‍ഥികള്‍ക്ക് ലളിതമാക്കി നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിനായി ജില്ലയില്‍ ആദാലത് നടത്തണമെന്ന് ആന്‍റോ ആന്‍റണി എം.പി നിര്‍ദേശിച്ചത് അനുസരിച്ച് ഫെബ്രുവരി ഒന്നിന് അദാലത് നടത്തും. ബാങ്കുകളില്‍ നിക്ഷേപം കൂടുതലുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്നും ലോണുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഗ്രാമീണ പ്രദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വായ്പ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഓരോ ബാങ്കും അനുവദിച്ച വിദ്യാഭ്യാസ വായ്പയുടെ കണക്കുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അപേക്ഷ സമര്‍പ്പിക്കാനുള്ള വിദ്യാലക്ഷ്മി പോര്‍ട്ടലിനെക്കുറിച്ചുള്ള അവബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്നതിനായി വേണ്ടനടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ് പങ്കെടുത്തു. ....................... ഗതാഗത നിയന്ത്രണം പത്തനംതിട്ട: വകയാര്‍ വള്ളിക്കോട് റോഡില്‍ വി കോട്ടയം ജങ്ഷനും അന്തിച്ചന്തക്കുമിടയിലായി പുനരുദ്ധാരണം നടക്കുന്നതിനാല്‍ ഈ റോഡില്‍ ബുധനാഴ്ച മുതല്‍ താൽക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. വകയാര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വി കോട്ടയം ജങ്ഷനില്‍നിന്ന്​ തിരിഞ്ഞ് വി കോട്ടയം മല്ലശ്ശേരി റോഡില്‍ കൂടിയും വള്ളിക്കോട് ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങള്‍ അന്തിചന്തയില്‍നിന്ന്​ തിരിഞ്ഞ് കുരിശുംമൂട്- വി.കോട്ടയം റോഡില്‍ കൂടിയും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.