ശബരിമല റോഡിന് നടുവിൽ കുഴി; അപകട ഭീഷണി

വടശ്ശേരിക്കര: എരുമേലി-പെരുനാട് ശബരിമല പാതയിൽ പെരുനാട് ശ്രീധർമശാസ്താ ക്ഷേത്രത്തിന് തൊട്ടുമുന്നിൽ റോഡ്​ മധ്യത്തെ വലിയ കുഴി അപകടഭീഷണി ഉയർത്തുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ കുഴിയാണിത്. ഒരാഴ്ച മുമ്പാണ് പെരുനാട് അത്തിക്കയം ജലവിതരണ പദ്ധതിയുടെ പൈപ്പ് തകരാറിലായതിനെ തുടർന്ന് ഇവിടെ കുഴി രൂപപ്പെട്ടത്. എരുമേലിയിൽ തീർഥാടന തിരക്കേറിയതിനെ തുടർന്ന് വലിയ വാഹനങ്ങൾ പമ്പ റൂട്ടിലേക്ക് കടത്തിവിടുന്ന പ്രധാന റോഡാണിത്. മകരവിളക്ക് ഉത്സവത്തിനായി നട തുറന്നതോടെ ഇതുവഴിയുള്ള ഗതാഗത തിരക്ക് ഏറിയിട്ടും കുഴി അടക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മധ്യഭാഗത്ത്​ കുഴി രൂപപ്പെട്ട സ്ഥലത്ത് ഒരു ട്രാഫിക് കോൺ സ്ഥാപിച്ചതാണ് ഏക മുൻകരുതൽ. രാത്രിയിൽ തീർഥാടകരുമായി എത്തുന്ന ഇതര സംസ്ഥാന വാഹനങ്ങളൊക്കെ റോഡിന് നടുക്ക് ട്രാഫിക് കോൺ വെച്ചിരിക്കുന്നതിനാൽ അപകടരഹിതമായ അപ്പുറം കടക്കേണ്ടതെങ്ങനെ എന്നറിയാതെ കുഴങ്ങുകയാണ്. ഇരുചക്ര വാഹനങ്ങളും മറ്റും നേരിട്ട് കുഴിയിൽ പതിക്കാൻ സാധ്യത ഉള്ളതിനാൽ ട്രാഫിക് കോൺ മാറ്റാനും കഴിയാത്ത അവസ്ഥയാണ്. വരും ദിവസങ്ങളിൽ വലിയതോതിൽ തീർഥാടന വാഹനങ്ങൾ കടന്നുപോകാനുള്ള സാധ്യത പരിഗണിച്ച്​ എത്രയും പെട്ടെന്ന് കുഴി അടച്ച്​ റോഡ് നന്നാക്കുകയോ പെരുനാടിനും മാർക്കെറ്റിനും സമീപം ട്രാഫിക് പൊലീസിനെ നിയോഗിച്ച്​ തീർഥാടന വാഹനങ്ങൾ പൂവത്തുംമൂട് വഴി തിരിച്ചുവിടുകയോ ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.