മുസ്​ലിം ലീഗിൽ പ്രളയഫണ്ട് തട്ടിപ്പെന്ന്​ പരാതി

പത്തനംതിട്ട: ജില്ലയിൽ പ്രളയബാധിതർക്ക് വിതരണംചെയ്യാൻ മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ 11.50 ലക്ഷം രൂപയുടെ ദുരിതാശ്വാസ നിധിയിൽ 7.50 ലക്ഷം രൂപ സ്വന്തം കുടുംബക്കാരുടെ പേരിൽ ജില്ല ജനറൽ സെക്രട്ടറി മാറ്റിയെടുത്തതായി സ്വതന്ത്ര കർഷകസംഘം ജില്ല പ്രസിഡൻറ് എം. മുഹമ്മദ് സാലി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രളയഫണ്ട് അഴിമതി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി ഒന്നരവർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് അംഗത്വവും സ്വതന്ത്ര കർഷകസംഘം ജില്ല പ്രസിഡൻറ് സ്ഥാനവും രാജിവെച്ചതായും അദ്ദേഹം അറിയിച്ചു. തുടർന്ന് നാഷനലിസ്​റ്റ്​ കോൺഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു . 2018ലെ പ്രളയബാധിത ജില്ലകളിൽ ഏറ്റവും ദുരിതം നേരിട്ട ജനങ്ങൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന കമ്മിറ്റി പ്രവർത്തകരിൽനിന്നും പ്രവാസികളിൽനിന്നും പിരിച്ചെടുത്ത തുകയിൽ ഒന്നാം ഗഡുവായി 11.5 ലക്ഷം രൂപ ജില്ല കമ്മിറ്റിക്ക് കൈമാറിയിരുന്നു. നിയോജക മണ്ഡലം കമ്മിറ്റികൾ തയാറാക്കുന്ന മുൻഗണന ലിസ്​റ്റ്​ പ്രകാരം ഏറ്റവും അർഹരായവർക്ക് തുക വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാൽ, മണ്ഡലം കമ്മിറ്റി അറിയാതെയാണ് ജില്ല ജനറൽ സെക്രട്ടറിയുടെ അടുത്ത ബന്ധുക്കളുടെ പേരിൽ ഏഴരലക്ഷം രൂപ മാറ്റിയെടുത്തത്. ആറന്മുള അടൂർ, തിരുവല്ല, മണ്ഡലങ്ങളിലായി ഏകദേശം നാലുലക്ഷം രൂപയോളം വിതരണം ചെയ്തു. എന്നാൽ, റാന്നി മണ്ഡലത്തിൽ പ്രളയത്തിന് നേരിട്ട് ഇരയായി കടക്കെണിയിലായ പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അവഗണിച്ചാണ് ജനറൽ സെക്രട്ടറിയുടെ ബന്ധുക്കളുടെ പേരിൽ തുക മാറ്റിയെടുത്തത്. ഇതുസംബന്ധിച്ച് 2019 മുതൽ സംസ്ഥാന കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും പരാതി നൽകി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തെറ്റ് തിരുത്താനോ അന്വേഷണം നടത്താനോ ജില്ല പ്രസിഡൻറ്​ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.