കോന്നി ഗവ. മെഡിക്കൽ കോളജ്​ ഉദ്​ഘാടനം യു.ഡി.എഫിനെ​ വിമർശിച്ച്​ മുഖ്യമന്ത്രിയും എം.എൽ.എയും

കോന്നി: ഗവ. മെഡിക്കൽ കോളജ്​ ഉദ്​ഘാടന ചടങ്ങിൽ യു.ഡി.എഫിന്​ മുഖ്യമന്ത്രിയുടെയും ജനീഷ്​കുമാർ എം.എൽ.എയുടെയും വിമർശനം. ചടങ്ങ്​ ബഹിഷ്​കരിച്ച യു.ഡി.എഫ്​ തീരുമാനം ഇരുവരെയും ചൊടിപ്പിച്ചുവെന്ന്​ വെളിപ്പെടുത്തുന്നതായിരുന്നു പ്രസംഗം. ഇരുവരും യു.ഡി.എഫിനെ ശാസിക്കുംവിധമാണ്​ സംസാരിച്ചത്​. ജനങ്ങളോടൊപ്പം സന്തോഷിക്കാന്‍ കഴിയാത്തവരാണ് കോന്നി മെഡിക്കല്‍ കോളജി​ൻെറ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടുകാര്യസ്ഥതയിൽ നിലച്ചുപോയ പദ്ധതി, ഈ സര്‍ക്കാര്‍ വന്നശേഷമാണ് പുനരാരംഭിച്ചത്. പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് കാരണക്കാരായവര്‍ക്ക് ജാള്യമുണ്ടാകുന്നത്​ സ്വാഭാവികമാണ്. പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളജാണ് കോന്നിയില്‍ യാഥാർഥ്യമാകുന്നത്. ഈ ഘട്ടത്തില്‍ സന്തോഷിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല. നാട്ടില്‍ ഇതൊന്നും നടക്കരുത്. നടക്കുന്നതി‍ൻെറ ശോഭകെടുത്തണം. മറച്ചുവെക്കണം ഈ മാനസികനിലയാണ് ഇവരെ നയിക്കുന്നത്. കോവിഡ്-19 വ്യാപനം നാം നിയന്ത്രിച്ചുനിര്‍ത്തിയതുപോലും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. രോഗം വ്യാപിപ്പിക്കുന്നതിന് ഉതകുന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് പത്തനംതിട്ട ജില്ലക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും ശബരിമല തീർഥാടകര്‍ക്കും പ്രയോജനകരമാകും. മെഡിക്കല്‍ കോളജ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. 351 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. മാസ്​റ്റര്‍ പ്ലാന്‍ ലഭിക്കുന്ന മുറക്ക്​ ആവശ്യമായ തുക കിഫ്ബിയില്‍നിന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടി​ൻെറ സന്തോഷം തല്ലിക്കെടുത്താൻ ചിലർ ശ്രമിക്കുകയാണെന്ന്​ ചടങ്ങിൽ സ്വാഗതം പറഞ്ഞ കെ.യു. ജനീഷ്​കുമാർ എം.എൽ.എ പറഞ്ഞു. രാവിലെ കണ്ട വാർത്ത യു.ഡി.എഫ്​ ബഹിഷ്​കരിക്കുന്നുവെന്നാണ്​. അവർ അതിന്​ പറഞ്ഞ കാരണം അവർക്ക്​ പറ്റിയ പങ്കാളിത്തം പരിപാടിയിലില്ലെന്നാണ്​​. നോട്ടീസിലെ വിശിഷ്​ട വ്യക്തികളുടെ പേരെടുത്ത്​ പരിശോധിച്ചാൽ യു.ഡി.എഫി​ൻെറ ആളുകളുടെ പേരുകളാണ്​ കൂടുതൽ. വാർഡ്​ അംഗം മുതൽ ജില്ല പഞ്ചായത്ത്​ പ്രസിഡൻറുവരെ യു.ഡി.എഫുകാരാണ്​. നിങ്ങൾ ഈ നാടി​ൻെറ വികസനത്തിന്​ തടസ്സം നിൽക്കരുത്​. ഈ നാടിനെ നയിച്ച മുൻ ജനപ്രതിനിധിയോട്​ അഭ്യർഥിക്കുകയാണ്​ നിങ്ങൾക്ക്​ ശേഷം ശൂന്യതയാണെന്ന്​​ നിങ്ങൾ കരുതരുത്​ എന്നിങ്ങനെയായിരുന്നു ജനീഷ്​കുമാറി​ൻെറ വാക്കുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.