സവിശേഷം വിശേഷം പംക്തിയിലേക്ക്​

ശരണംവിളിച്ച്​ അധികാരമേറ്റവരുടെ ചക്കളത്തിപ്പോര്​ എന്തൊരു ശരണംവിളിയായിരുന്നു അന്ന്​. കേട്ടുനിന്ന വിഭക്തരിൽപോലും ഏറ്റുവിളിക്കാനുള്ള ത്വര ഉയർത്തുന്ന ഭക്തിയുടെ പാരവശ്യമായിരുന്നു എന്നാണ്​ കേട്ടത്​. അതൊരു പുതിയ തുടക്കമാകുമെന്ന്​ എല്ലാവരും പ്രതീക്ഷിച്ചു. ഇരുമുന്നണിക്കാരും തങ്ങളുടെ കഞ്ഞിയിൽ എന്നേക്കുമായി പാറ്റവീണുവോ എന്ന്​ ശങ്കിച്ചു. അന്ന്​ അങ്ങനെ ശങ്കിച്ചവർ ഇപ്പോൾ പുഞ്ചിരി തൂകുന്നു. പടപേടിച്ച്​ പന്തളത്ത്​ ചെന്നപ്പോൾ പന്തംകൊളുത്തി പട എന്നാണല്ലോ ചൊല്ല്​. ആ ചൊല്ലിനെ അർഥവത്താക്കുന്ന പരിപാടികളാണ്​ ഇപ്പോൾ പന്തളത്ത്​ നടക്കുന്നതെന്നതാണ്​ വിശേഷം. ഇരുമുന്നണികളുടെയും ചക്കളത്തി​പ്പോരും കീശവീർപ്പിക്കുന്ന ഭരണമുറകളും കണ്ട്​ മടുത്തിട്ടാണ്​ നാട്ടുകാർ ഭക്ത്യാദരപൂർവം മൂന്നാമനായ താമരയിൽ കുത്തിയത്​. അങ്ങനെ പന്തളം ദേശത്ത്​ അധികാരം പിടിച്ചവർ ഇപ്പോഴിതാ പരസ്പരം പന്തവുംകൊളുത്തി പോരുവിളിക്കുന്നു. പോരുവളിച്ചാലും അതിനൊരു ചേലുണ്ട്​. ഇത്​ വിളിക്കുന്നത്​ പറയാൻകൊള്ളാവുന്ന വാക്കുകളല്ല. അന്ന്​ അയ്യപ്പനാമം ഉച്ചത്തിൽ വിളിച്ചവർ ഇപ്പോൾ പരസ്പരം വിളിക്കുന്ന വിളികേട്ട്​ നാട്ടുകാർ കാതുപൊത്തുന്നു. പന്തളം നഗരസാഭാധ്യക്ഷ സുശീല സന്തോഷ്​ സ്വന്തം പാർട്ടിക്കാരനായ കെ.വി. പ്രഭയെ ആണ്​ കേട്ടാലറക്കുന്ന വാക്കുകളാൽ താക്കീത്​ ചെയ്യുന്നത്​. സുശീലയെ സു... ശീലം കൈവിട്ട്​ വൈകാരികമായി പ്രതികരിക്കാൻ നിർബന്ധിതയാക്കുന്ന പണിയാണത്രെ​ കെ.വി. പ്രഭ കാട്ടിയത്​. ആർഷഭാരത സംസ്കാരം ഇതായിരുന്നുവെങ്കിൽ കന്നന്തിരിവ്​ കാണിച്ച രാവണനെ ശ്രീരാമൻ എന്തൊക്കെ വിളിക്കണമായിരുന്നു. രാജത്വത്തിന്​ നിരക്കാത്ത വേലയൊന്നും രാമൻ കാണിച്ചിട്ടില്ല. അതൊക്കെ ഒന്ന്​ ഓർക്കേണ്ടായിരുന്നോ സുശീലേ എന്നാണ്​ ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത്​. രാമനാമം ജപിച്ചിരിക്കേണ്ട മാസത്തിൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ട്​ പാട്ടിയ പാട്ടുകാരിയായ സുശീലയെ കസേരയിൽനിന്ന്​ പടിയിറക്കാൻ പറ്റിയ സമയമായെന്നാണ്​ പാർട്ടിയിൽ ചിലർ പറയുന്നത്​. 18 കൗൺസിലർമാരെ കിട്ടിയപ്പോൾ അത്​ പതിനെട്ടാംപടി പോലെയാണെന്നാണ്​ ഭാരതീയ പ്രമാണിമാർ ഉണർത്തിയത്​. അതിലേക്ക്​ നയിച്ചത്​ രണ്ടു​തരം അടിയൊഴുക്കുകളായിരുന്നു. ഒന്ന്​ പന്തളം ദേശമാകെ നടന്ന ശരണംവിളി. മറ്റൊന്ന്​ അല്പം ക്രിസ്ത്യാനികളെകൂടി പാട്ടിലാക്കാൻ കഴിഞ്ഞതും. ശരണംവിളിക്ക്​ നേതൃത്വം നൽകിയത്​ കെ.വി. പ്രഭയായിരുന്നു. ക്രിസ്ത്യാനികളെ തടുത്തുകൂട്ടി താമരയിൽ കുത്തിച്ചത്​ അച്ചൻകുഞ്ഞ്​ ജോൺ എന്ന ഓർത്തഡോക്സ്​ സഭക്കാരനും. ചെയർമാൻ പദത്തെ പരിണയിക്കാൻ രണ്ടുപേരും 'ത്രയംബകം' എടുത്തുയർത്തി കുലച്ച്​ വില്ലാളി വീരന്മാരെപോലെ നിന്നതിനാൽ നേതൃത്വത്തിന്​ ആകെ കൺഫ്യൂഷനായി. സഭയിലെ അച്ചന്മാർ കുഞ്ഞച്ചനുവേണ്ടി സമ്മർദവും തുടങ്ങിയിരുന്നു. ശ്രീ അയ്യപ്പന്‍റെ നാട്ടിൽ ക്രിസ്ത്യാനിയെ ഭരണമേൽപിക്കുന്നത്​ ഭാരത സംസ്കാരത്തിന്​ നിരക്കുന്നതല്ലെന്ന ബോധ്യത്തിലാണ്​ പെട്ടകുടുക്കിൽനിന്ന്​ തടിതപ്പാനുള്ള വഴിയെന്ന നിലയിൽ സംവരണ സീറ്റിൽ വിജയിച്ച സുശീല​​ക്ക്​ കസേര നൽകിയത്​. അത്​ സ്ഥിരം പദവിയാണെന്ന്​ ധരിച്ചുപോയതാണ്​ സുശീലക്ക്​ പറ്റിയ പറ്റ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.