ദേശീയ മതേതര മുന്നണി നേതൃത്വം കോൺഗ്രസ്​​ നഷ്ടമാക്കി -പന്ന്യൻ രവീന്ദ്രൻ

* സി.പി.ഐ ജില്ല സമ്മേളനം: പ്രതിനിധി സമ്മേളനം തുടങ്ങി പത്തനംതിട്ട: രാജ്യത്ത്​ വളർന്നുവരേണ്ട മതേതര മുന്നണിയുടെ നേതൃത്വം ഏൽക്കാനുള്ള കെൽപ്​ കോൺഗ്രസ്​​ നഷ്ടപ്പെടുത്തിയെന്ന്​ സി.പി.ഐ ദേശീയ എക്സി. അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രാജ്യത്തെ മതേതര പ്രസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ്​ കോൺഗ്രസ്​. എന്നാൽ, ലീഡർഷിപ്പിലെ പൊരുത്തക്കേടുകൾ കോൺഗ്രസിനെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. സംസ്ഥാനത്ത്​ പ്രതിപക്ഷം നടത്തുന്നത്​ സമരത്തിനുവേണ്ടിയുള്ള സമരങ്ങളാണ്​. പ്രതിപക്ഷ കക്ഷികൾ ചേർന്നുകൊണ്ട്​ കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ തകർക്കാനുള്ള ശ്രമമാണ്​ നടത്തുന്നത്​. കേന്ദ്ര സർക്കാർ അതിനനുസരിച്ച നയങ്ങൾ അനുവർത്തിക്കുന്നു. സ്വകാര്യ മേഖലയെ വളർത്താൻ രാജ്യത്തിന്റെ സമ്പത്ത് ബി.ജെ.പി സർക്കാർ മുതലാളിമാർക്ക് ദാനം ചെയ്യുകയാണ്​. അഞ്ച് വർഷം മാത്രം ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറാണ് വിമാനത്താവളങ്ങൾ 50 വർഷത്തെ പാട്ടത്തിന് നൽകിയത്. ജനവിരുദ്ധ കാര്യങ്ങൾ ചോദ്യംചെയ്യാൻ പാർലമെന്റിൽ അവസരം നൽകാതെ എം.പിമാരെ പുറത്താക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് എം.പിമാരെ പുറത്താക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നത്. ലജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവയെല്ലാം ബി.ജെ.പി ഭരണകൂടം നിയന്ത്രണത്തിലാക്കി. ഭരണത്തിലെത്താൻ എം.എൽ.എമാരെയും എം.പിമാരെയും വിലയ്​ക്കെടുക്കുമെന്ന് ബി.ജെ.പി പരസ്യമായി പറയുന്ന സ്ഥിതിയായി. ഇതിന് ബദൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മാത്രമാണ്. കെ-ഫോൺ, ഗ്യാസ് പൈപ്പ് ലൈൻ തുടങ്ങിയ ജനോപകാര പദ്ധതികളിലൂടെ സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണെന്നും പന്ന്യൻ പറഞ്ഞു. മുതിർന്ന നേതാവ് കെ.എൻ. പുരുഷോത്തമൻ പതാക ഉയർത്തി. ഡി. സജി രക്തസാക്ഷി പ്രമേയവും പി.ആർ. ഗോപിനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.കെ. പുരുഷോത്തമൻപിള്ള സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി. അംഗങ്ങളായ സി. ദിവാകരൻ, കെ.ആർ. ചന്ദ്രമോഹൻ, എൻ. രാജൻ, മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംബന്ധിച്ചു. രാഷ്ട്രീയ റിപ്പോർട്ട് സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസും പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി എ.പി. ജയനും വരവു ചെലവ് കണക്ക് അടൂർ സേതുവും അവതരിപ്പിച്ചു. പി.ആർ. ഗോപിനാഥൻ, ജി. ബൈജു, ടി.ജെ. ബാബുരാജ്, കെ. പത്മിനിയമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഞായറാഴ്ച റിപ്പോർട്ടിന്മേലുള്ള ഗ്രൂപ് ചർച്ച, പൊതുചർച്ച, മറുപടി, തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. PTL45cpi sammelan സി.പി.ഐ ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.