ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ

* 78 ദുരിതാശ്വാസ ക്യാമ്പിലായി 2529 പേര്‍ പത്തനംതിട്ട: വെള്ളിയാഴ്ച മഴക്ക്​ നേരിയ കുറവുണ്ടായെങ്കിലും നദികളിൽ വെള്ളപ്പാച്ചിൽ തുടരുന്നു. ജില്ലയിലെ 78 ദുരിതാശ്വാസ ക്യാമ്പിലായി 2529 പേരെ മാറ്റിപ്പാർപ്പിച്ചു. അച്ചൻകോവിലാറ്റിലാണ്​ ജലനിരപ്പ്​ ഏറ്റവും കൂടുതൽ. മൂഴിയാർ, മണിയാർ ഡാമുകളിലെ ഷട്ടറുകൾ പകുതിയോളം തുറന്നിട്ടിരിക്കുകയാണ്​. വെള്ളിയാഴ്ച പമ്പയാറ്റിൽ ജലനിരപ്പ്​ താഴ്ന്നുതുടങ്ങി. മണിമലയാറ്റിലും വെള്ളപ്പാച്ചിൽ അൽപം കുറഞ്ഞിട്ടുണ്ട്​. അപ്പർ കുട്ടനാട്ടിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നു. ഇവിടെ കൂടുതൽ പേരെ വെള്ളിയാഴ്ച ക്യാമ്പുകളിലേക്ക്​ മാറ്റി. 778 കുടുംബങ്ങളിലെ 2529 പേരെയാണ്​ ക്യാമ്പുകളിലേക്ക്​ മാറ്റിയത്​. ഇതില്‍ 1028 പുരുഷന്മാരും 1082 സ്ത്രീകളും 419 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുള്ളത്. ഇവിടെ 53 ക്യാമ്പുകളിലായി 1995പേര്‍ കഴിയുന്നു. കോഴഞ്ചേരി താലൂക്കിൽ 13 ക്യാമ്പുകളിലായി 123 കുടുംബങ്ങളിലെ 402 പേരെ പാർപ്പിച്ചിട്ടുണ്ട്​. മല്ലപ്പള്ളിയിൽ അഞ്ച് ക്യാമ്പുകളിലായി 20 കുടുംബങ്ങളിലെ 72പേരെ പാർപ്പിച്ചിട്ടുണ്ട്. റാന്നിയിൽ അഞ്ച് ക്യാമ്പുകളും കോന്നി, അടൂർ എന്നിവിടങ്ങളിൽ ഓരോ ക്യാമ്പുകളുമാണ്​ തുറന്നത്​. തിരുവല്ല, അടൂർ താലൂക്കുകളിൽ ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന്​ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴക്ക്​ ശമനം ഉണ്ടെങ്കിലും നദികളിലെ ജലനിരപ്പിൽ മാറ്റമില്ലാത്തതിനാൽ ആശങ്ക ഒഴിയുന്നില്ല. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടർ ഡോ. ദിവ്യ എസ്.​അയ്യരുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ സൂചനപ്രകാരം ജില്ലയിൽ അടുത്ത നാലുദിവസത്തേക്ക് ശകതമായ മഴ പെയ്യില്ലെങ്കിലും പൂർണമായി മഴ മാറുന്ന സാഹചര്യമല്ലെന്നും യോഗം വിലയിരുത്തി. ക്യാമ്പുകളിൽ അടിസ്ഥന സൗകര്യം, ഭക്ഷണം പാകംചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന്​ കലക്ടർ നിർദേശിച്ചു. അസാധാരണ സാഹചര്യത്തിൽ ക്യാമ്പുകളിൽ കഴിയാനാകാതെ ഒറ്റപ്പെട്ടുപോകുന്ന കോളനികളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും ഭക്ഷണപദാർഥങ്ങളും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികളുൾപ്പെടെ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ജില്ല പൊലീസ്​ മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി.ജി. ഗോപകുമാർ, ഡി.എം.ഒ ഡോ.എൽ. അനിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. lead inner box * അച്ചൻകോവിലാറ്റിലാണ്​ ജലനിരപ്പ്​ ഏറ്റവും കൂടുതൽ * മൂഴിയാർ, മണിയാർ ഡാമുകളിലെ ഷട്ടറുകൾ പകുതിയോളം തുറന്നു * ഏറ്റവും കൂടുതല്‍ ക്യാമ്പുള്ളത് തിരുവല്ല താലൂക്കിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.