ജാഗ്രത തുടരണം -മന്ത്രി കെ. രാജന്‍

p4 lead അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നേക്കും പത്തനംതിട്ട: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ ജനം ജാഗ്രത കൈവെടിയരുതെന്ന്​ മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി തിരുവല്ലയില്‍നിന്ന്​ നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലങ്ങളില്‍നിന്നുള്ള ഫോട്ടോയെടുപ്പും കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നതും അപകടകരമായതിനാല്‍ അനുവദിക്കില്ല. മലയോര പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണം. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം. ജില്ലതലത്തിലും താലൂക്കുതലത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ഈമാസം അഞ്ചുവരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ മാസം അഞ്ചുവരെ ജില്ല വിട്ടുപോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നേക്കുമെന്നും അവിടെ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അടൂര്‍ നിയോജക മണ്ഡലത്തിലെ ചേരിക്കല്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ടിന്റെ സേവനം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആനിക്കാട് പഞ്ചായത്തിലെ വെങ്ങളത്തുകുന്നില്‍ അപകടാവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്നവരെ അടുത്തുള്ള സ്‌കൂളില്‍ സൗകര്യമൊരുക്കി അവിടേക്കു മാറ്റി താമസിപ്പിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് പറഞ്ഞു. കുരുമ്പന്‍മുഴിയില്‍ ഭക്ഷ്യക്കിറ്റ് ലഭ്യമാക്കണമെന്ന്​ അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. അരയാഞ്ഞിലിമണ്‍-ചൊവ്വാലി- മണക്കയം പാത വനം വകുപ്പ് തെളിക്കണം. ഇത് പ്രദേശവാസികള്‍ക്ക് ഏറെ സഹായകരമാകുമെന്നും എം.എല്‍.എ പറഞ്ഞു. ഇന്ന്​ തിരുവല്ല താലൂക്കിൽ അവധി ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനും കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള സർവകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ജില്ലയില്‍ 33 ക്യാമ്പിലായി 680 പേര്‍ പത്തനംതിട്ട: നദികളിൽ ജലനിരപ്പ്​ ഉയർന്ന ജില്ലയില്‍ 33 ക്യാമ്പിലായി 680 പേര്‍ കഴിയുന്നു. 199 കുടുംബങ്ങളിലെ 282 പുരുഷന്മാരും 265 സ്ത്രീകളും 133 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 24 ക്യാമ്പിലായി 159 കുടുംബങ്ങളിലെ 527 പേരുണ്ട്. റാന്നിയില്‍ നാലു ക്യാമ്പിലായി ഒമ്പതു കുടുംബങ്ങളിലെ 36 പേരുണ്ട്. മല്ലപ്പള്ളിയില്‍ മൂന്നു ക്യാമ്പിലായി 15 കുടുംബങ്ങളിലെ 64 പേരുണ്ട്. കോഴഞ്ചേരിയില്‍ രണ്ടു ക്യാമ്പിലായി 16 കുടുംബങ്ങളിലെ 53 പേരുണ്ട്. അടൂര്‍, കോന്നി താലൂക്കുകളില്‍ ക്യാമ്പുകളില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.