കണ്ടക്ടർമാർ ഇല്ലാതെ പമ്പ ബസ് ഓടിച്ച്​ കെ.എസ്.ആർ.ടി.സി

പത്തനംതിട്ട: നിറപുത്തരി പൂജക്ക്​ ശബരിമല നട തുറന്ന ബുധനാഴ്ച തീർഥാടകരുമായി പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസുകൾ അയച്ചത് കണ്ടക്ടർമാർ ഇല്ലാതെ. വഴിയിൽ അയ്യപ്പഭക്തർ ഉൾപ്പെടെ യാത്രക്കാർ ബസുകൾക്ക് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഓഫിസിൽനിന്ന് എത്തിയ പമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്​പെഷൽ ഓഫിസറുടെ തീരുമാന പ്രകാരമാണ് കണ്ടക്ടർ ഇല്ലാത്ത ബസുകൾ ഓടിച്ചതെന്ന് അറിയുന്നു. പമ്പ സ്പെഷൽ സർവിസിനായി തിരുവനന്തപുരം അടക്കം മറ്റ് ഡിപ്പോകളിൽനിന്ന് പതിനഞ്ച് ബസുകൾ പത്തനംതിട്ട ഡിപ്പോയിൽ എത്തിയിരുന്നു. ഈ ബസുകളിൽ തീർഥാടകർ കയറിയപ്പോൾ രണ്ട് കണ്ടക്ടർ കയറി പമ്പ ടിക്കറ്റുകൾ നൽകി. ബസ് വിടാറായപ്പോൾ കണ്ടക്ടർമാർ ഇറങ്ങുകയും ചെയ്തു. പമ്പക്ക്​ പോയ ബസുകൾക്ക് മൈലപ്രയിലും വടശ്ശേരിക്കരയിലും പെരുനാട്ടിലും തീർഥാടകർ അടക്കമുള്ള യാത്രക്കാർ കൈ കാണിച്ചെങ്കിലും നിർത്തിയില്ല. നിലക്കൽ നിർത്തിയ ബസിൽ പമ്പക്ക്​ പോകാനായി വീണ്ടും ആളുകൾ കയറി. അവിടെയുണ്ടായിരുന്ന കണ്ടക്ടർ ബസിൽ കയറി പമ്പക്ക്​ ടിക്കറ്റുകൾ നൽകിയശേഷം ഇറങ്ങി. തുടർന്നും കണ്ടക്ടറില്ലാതെയാണ് ബസ് പമ്പക്ക്​ പോയത്. പമ്പയിൽനിന്ന് തിരികെ വിട്ട ബസുകളിലും ഇതേ ക്രമീകരണമായിരുന്നു. നേരത്തേ പത്തനംതിട്ട ഡിപ്പോയിലെ കൺട്രോളിങ്​ ഇൻസ്പെക്ടർമാരായിരുന്നു നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽനിന്ന് ബസുകൾ ഓപറേറ്റ് ചെയ്തിരുന്നത്. വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റിയിരുന്നതിനാൽ വരുമാനത്തിൽ വർധനവുണ്ടായിരുന്നു. കണ്ടക്ടർ ഇല്ലാത്ത പുതിയ പരിഷ്കാരത്തിൽ വരുമാനം കുറഞ്ഞു. ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ പമ്പക്ക്​ പോയാൽ വഴിയിൽ തടയുമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴികാല അറിയിച്ചു. അതേസമയം, പത്തനംതിട്ട ഡിപ്പോ അധികൃതർ ഓപറേറ്റ് ചെയ്ത പമ്പ ബസുകളിൽ കണ്ടക്ടർമാർ ഉണ്ടായിരുന്നു. ബസുകൾ വഴിയിൽനിന്ന് യാത്രക്കാരെ കയറ്റുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.