കയറ്റിറക്ക്​ തൊഴിൽ തർക്കം അവസാനിച്ചു

പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണിൽ നിലനിന്നിരുന്ന കയറ്റിറക്ക്​ തൊഴിൽ സ്തംഭനം അവസാനിച്ചു. കേരള കോൺഗ്രസ് പിളരുന്നതിന് മുമ്പ്​ കെ.ടി.യു.സി എം പേരിലെ യൂനിയന് ഈ പ്രദേശത്തു ആറ്​ ടേൺ തൊഴിലവകാശം പരേഡിലൂടെ ലഭിച്ചിരുന്നു. മാണി ​ഗ്രൂപ്​ എൽ.​ഡി.എഫിൽ ചേർന്നപ്പോൾ കൂടെ പോകാതെ കുറച്ചു തൊഴിലാളികൾ ജോസഫ് പക്ഷത്ത്​ നിലയുറപ്പിച്ചു. തങ്ങളുടെ കൂടെയാണ് കൂടുതൽ തൊഴിലാളിക​ളെന്ന് ഇരുകൂട്ടരും വാദിച്ചതോടെ ടേൺ വിഭജനം തർക്കത്തിലായി. ജോസഫ് വിഭാഗത്തിനൊപ്പം പ്രാദേശിക ഐ.എൻ.ടി.യു.സി നേതൃത്വവും മാണിക്കൊപ്പം സി.ഐ.ടി.യുവും കക്ഷിചേർന്നതോടെ പണിമുടക്കായി. റാന്നി അസിസ്റ്റന്‍റ്​ ലേബർ ഓഫിസറും ജില്ല ലേബർ ഓഫിസറും ഒറ്റക്കും കൂട്ടായും പലതവണ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടെ രണ്ടു കരാറുകാർ ഹൈകോടതിയെ സമീപിച്ചു. കോടതിയിൽനിന്ന്​ നോട്ടീസ് ലഭിച്ച ജില്ല ലേബർ ഓഫിസർ വീണ്ടും സ്ഥലത്തെത്തിയപ്പോൾ കരാറുകാര‍ൻെറ സ്വന്തം തൊഴിലാളികൾ ലോഡ് കയറ്റിയാലും പ്രശ്നം തീരാതെ തങ്ങൾ പിന്മാറില്ല എന്ന നിലപാടിലായിരുന്നു ഇരുവിഭാഗവും. കേസ് നീണ്ടുപോകുന്ന സാഹചര്യം വന്നപ്പോൾ തൊഴിൽ സ്തംഭനം ഒഴിവാക്കാൻ കഴിഞ്ഞ 29ന് ജില്ല ലേബർ ഓഫിസിൽ ഏഴാം വട്ടം ചർച്ച നടന്നു. അന്നും തീർപ്പ് ഉണ്ടാകാത്തതിനെ തുടർന്ന് സംഘടനകളുടെ ജില്ല നേതൃത്വം പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പണിമുടക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന്​ ശക്തമായ നിലപാട് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് നേതൃത്വം കൈക്കൊണ്ടതോടെ പ്രാദേശിക നേതൃത്വം വാശി വെടിഞ്ഞു. കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് തർക്കം തീർപ്പാക്കാൻ ആറുമാസം നൽകുകയും അതുവരെ അവരുടെ ടേൺ ഒഴിച്ചിടാനും തീരുമാനിച്ചു. ചർച്ചയിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത്​​ കെ.എൻ. സുഭാഷ്, വർഗീസ് കോശി, പി.എൻ. യശോദരൻ, രാജൻ ഉതുപ്പാൻ, ഇട്ടി വർഗീസ്, വി.എൻ. ജയകുമാർ, ജോസ് പുരയിടം, ടി.ആർ. ബിജു, പ്രസാദ് വാഴയിൽ, ജേക്കബ് വെള്ളവൻതാനത്ത്​ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.