ലഹരിവിരുദ്ധ ഫുട്ബാൾ ടൂർണമെന്‍റ്​: ജില്ലതല മത്സരങ്ങൾ

കൊടുമൺ: ലഹരിവിരുദ്ധ വാരാചരണത്തിൽ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ്, എക്സൈസ് വിമുക്തി മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ഫുട്ബാൾ ടൂർണമെന്‍റ്​ ജില്ലതല മത്സരങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. യുവതലമുറയുടെ ശരീരിക, മാനസിക, കായിക ക്ഷമത വർധിപ്പിച്ച് ലഹരി ഇതര സാമൂഹിക തിന്മകളിൽനിന്ന്​ അവരെ മുക്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ച പ്രാഥമിക മത്സരങ്ങളുടെ ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളാണ് കൊടുമണ്ണിൽ നടക്കുന്നതെന്ന് എസ്.പി.സി എ.ഡി.എൻ.ഒ ജി. സുരേഷ് കുമാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9.30ന് കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ധന്യാദേവി ടൂർണമെന്‍റ്​ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി. ചാക്കോ മത്സരം കിക്കോഫ് നിർവഹിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ഫൈനൽ മത്സരത്തിന്​ ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ല നോഡൽ ഓഫിസർ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ സമ്മാനദാനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.