lead ജൂലൈ ആദ്യവാരം 1385 സ്ഥാപനങ്ങളിൽ കണക്ഷൻ ലഭ്യമാക്കും പത്തനംതിട്ട: കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ-ഫോൺ) പദ്ധതിയിൽ ജില്ലയിൽ ജൂലൈ ആദ്യവാരം മുതൽ ഇന്റർനെറ്റ് കണക്ക്ഷനുകൾ നൽകി തുടങ്ങും. ഇതിനുള്ള സജ്ജീകരണം പൂർത്തിയായി. സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ വീടുകളിലേക്കും കണക്ഷൻ നൽകാൻ ഒരുക്കമായി. ഇപ്പോൾ പത്തനംതിട്ട നഗരത്തിലെ ചില സർക്കാർ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കെ-ഫോൺ കണക്ഷൻ നൽകിയിട്ടുണ്ട്. അത് വിജയമായതിനെ തുടർന്ന് ജൂലൈ ഒന്നുമുതൽ വ്യാപകമായി കണക്ഷനുകൾ നൽകി തുടങ്ങാനാണ് നീക്കം. കേബിളുകൾ സ്ഥാപിക്കുന്ന ജോലി 92 ശതമാനം പൂർത്തിയായി. എട്ടിടത്ത് വൈദ്യുതി ബോർഡ് സബ്സ്റ്റേഷനുകളിൽ സെർവറുകൾ സ്ഥാപിച്ചു. മൂന്നിടത്തുകൂടി ഇനി സ്ഥാപിക്കാനുണ്ട്. ജില്ലയിൽ 154 കിലോമീറ്ററാണ് കേബിൾ ഇടുന്നത്. ജൂലൈ ആദ്യവാരം 1385 സ്ഥാപനങ്ങളിൽ കണക്ഷൻ ലഭ്യമാക്കും. ജില്ലയിൽ 500 കുടുംബങ്ങൾക്ക് കണക്ഷൻ ഒരു നിയോജക മണ്ഡലത്തിൽ 100 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ ലഭ്യമാക്കും. ഇതനുസരിച്ച് ജില്ലയിൽ 500 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കും. വീടുകളിൽ ഇതിനായി മോഡം സ്ഥാപിക്കും. സെക്കൻഡിൽ 10 മുതൽ 15 എം.ബിവരെ സ്പീഡാകും വീടുകളിൽ ലഭിക്കുക. ഒന്നര ജി.ബി ഡേറ്റയാണ് ഉപയോഗിക്കാൻ കഴിയുക. ബി.പി.എൽ കുടുംബങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്ക് സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പട്ടിക പ്രാദേശിക കേബിൾ ഓപറേറ്റർമാർക്കും ഇന്റർനെറ്റ് സേവനദാതാക്കൾക്കും കൈമാറും. ഒന്നിലേറെ കുട്ടികളുള്ള വീടുകൾക്കാണ് ആദ്യം മുൻഗണന നൽകുക. ബി.പി.എൽ അല്ലാത്ത വീടുകളിൽ കണക്ഷൻ നൽകിയാൽ അതിന്‍റെ നിരക്ക് എത്രയെന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല. വീടുകളിൽ ബാൻഡ് വിഡ്ത് സേവനം നൽകാനുള്ള കമ്പനിയെ കണ്ടെത്തുന്നതിനും ടെൻഡർ നടപടികൾ പൂർത്തിയായി. വീടുകളിൽ കണക്ഷൻ നൽകുന്നതിന് ഐ.പി, ഐ.എസ്.പി ലൈസൻസ് ആവശ്യമാണ്. അതിനുള്ള അപേക്ഷ കെ-ഫോൺ കേന്ദ്രസർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം ലൈസൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ തൽക്കാലം പവർഗ്രിഡ് വഴിയുള്ള സേവനം ഉറപ്പാക്കും. ഐ.എസ്.പി ലൈസൻസ് സ്വന്തമാക്കുന്നതോടെ ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള നിയമസാധുത കെ-ഫോണിനു ലഭിക്കും. ടെലികോം കമ്പനികളിൽനിന്ന് ബാൻഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നൽകാനാകും. റോഡുപണി തടസ്സമാകുന്നു പലയിടത്തും റോഡുപണി നടക്കുന്നത് കെ-ഫോൺ കേബിളുകൾ വലിക്കുന്നതിന് തടസ്സമാകുന്നു. കേബിളുകൾ സ്ഥാപിച്ച കെ.എസ്.ഇ.ബി പോസ്റ്റുകൾ റോഡു പണിക്കായി പിഴുത് മാറ്റിയിടുന്നുണ്ട്. അപ്പോൾ വീണ്ടും കേബിൾ സ്ഥാപിക്കേണ്ടി വരുന്നു. ഗ്രാമീണ റോഡുകളിൽ വരെ ഈ വിധം പോസ്റ്റുകൾ മാറ്റുന്നതാണ് വീടുകളിൽ കണക്ഷൻ നൽകുന്നത് വൈകിപ്പിക്കുന്നത്. കോർ പോപ്പ്, അഗ്രിഗേഷൻ കോർ പോപ്പുകൾ എന്നിവ പൂർണമായും പ്രവർത്തനസജ്ജമായിട്ടുണ്ട്. അഴൂർ കെ.എസ്.ഇ.ബി സബ്സ്റ്റേഷനിലാണ് ജില്ലയിലെ കോർ പോപ്പ്. അടൂർ, കോന്നി, കൂടൽ, റാന്നി, പെരുനാട്, മല്ലപ്പള്ളി, കോഴഞ്ചേരി, കുമ്പനാട് എന്നിവിടങ്ങളിലാണ് അഗ്രിഗേഷൻ കോർ പോപ്പുകൾ (സെർവറുകൾ) സ്ഥാപിച്ചത്. അഴൂരിലെ കോർ പോപ്പുമായി ഇവിടങ്ങൾ ബന്ധിപ്പിച്ച് കഴിഞ്ഞു. കക്കാട്, കൊച്ചുപമ്പ എന്നിവിടങ്ങളിലും താമസിയാതെ അഗ്രിഗേഷൻ കോർ പോപ്പുകൾ സ്ഥാപിക്കും. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ വഴിയാണ് എല്ലായിടത്തേക്കും കേബിൾ കൊണ്ടുപോകുക. അഗ്രിഗേഷൻ കോർ പോപ്പുകളിൽനിന്ന് കണക്ഷൻ നൽകിയിട്ടുള്ള ഓഫിസുകളിൽ അത് പ്രവർത്തനസജ്ജമാക്കുകയാണ് അടുത്തഘട്ടം. അത് ജൂലൈ ആദ്യവാരത്തോടെ നടക്കും. പരീക്ഷണാടിസ്ഥാനത്തിൽ പത്തനംതിട്ട നഗരത്തിൽ 40ഓളം ഓഫിസുകളിൽ ഇപ്പോൾ കെ. ഫോൺ നെറ്റ്‌വർക് ഉപയോഗിച്ച് വരുന്നുണ്ട്. മൂന്നുമാസമായി ഈ വിധം കണക്ഷൻ നൽകിയിട്ട്. ഓഫിസുകളിൽ ഉടനെത്തും പ്രീഅഗ്രിഗേഷന്‍റിങ്, സ്പർ എന്നിവയിൽ ഉൾപ്പെട്ട ഓഫിസുകൾക്ക് കണക്‌ഷൻ നൽകുന്നതിനുവേണ്ടിയുള്ള നിർമാണം ഇപ്പോൾ ദ്രുതഗതിയിൽ നടന്നുവരുകയാണ്. ഇവയെല്ലാം പൂർത്തീകരിച്ച് ഒന്നാംഘട്ടത്തിൽ വിഭാവന ചെയ്തിട്ടുള്ള 1385 ഓഫിസുകൾക്കും ജൂൺ അവസാനം കണക്ഷൻ നല്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പോപ്പുകളെ ബന്ധിപ്പിക്കുന്നതിന് ഒപ്റ്റിക് ഫൈബർ ഉപയോഗിച്ച് സെക്കൻഡിൽ 40 ജി.ബി ബാൻഡ് വിഡ്ത്ത് കപ്പാസിറ്റിയിലുള്ള നെറ്റ് വർക്ക് സ്ഥാപിക്കും. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ റിങ്ങുകളിലും സ്ട്രീറ്റ് ബോക്സ് സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.