പട്ടികടിക്കാൻ സാധ്യത; വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകാർ സൂക്ഷിക്കുക

ഇരുചക്ര വാഹന യാത്രികരും തോട്ടം തൊഴിലാളികളും പത്രവിതരണക്കാരും ആക്രമണത്തിന് ഇരയാകുന്നു വടശ്ശേരിക്കര: തെരുവുനായ്​ക്കളുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധന കാരണം വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകളിൽ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയില്ല. പെരുനാട് മടത്തുമൂഴിയിൽ നായ ഒരാളെ കടിച്ചു. നിരവധി വളർത്തുമൃഗങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. പെരുനാട് മാർക്കറ്റ് ഭാഗത്തും മടത്തുമൂഴി, പുതുക്കട ഭാഗങ്ങളിലുമെല്ലാം നിരവധി തെരുവുനായ്​ക്കളാണ് അലഞ്ഞുനടക്കുന്നത്. രാത്രിയിലെത്തുന്ന ഇരുചക്ര വാഹന യാത്രികരും വെളുപ്പിനെ പുറത്തിറങ്ങുന്ന തോട്ടം തൊഴിലാളികളും പത്രവിതരണക്കാരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു. വടശ്ശേരിക്കര ടൗണും മാർക്കറ്റ് ഭാഗവുമെല്ലാം മുഴുവൻ സമയവും തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. പകൽ മാർക്കറ്റിനു പിൻഭാഗത്തെ പഞ്ചായത്തിന്റെ ചവറുകൂനയുടെ പരിസരത്തും ഒഴിഞ്ഞുകിടക്കുന്ന മാർക്കറ്റ് സ്റ്റാളുകളിലും തമ്പടിക്കുന്ന നായ്ക്കൂട്ടം സന്ധ്യമയങ്ങുന്നതോടെ ശബരിമല പാതയുൾപ്പെടെ പ്രധാന വഴികളെല്ലാം കൈയടക്കും. ചുറ്റുമതിലില്ലാത്ത വീടുകൾപോലും തെരുവുനായ്ക്കൾ കൈയേറുന്നതിനാൽ നാട്ടുകാർക്ക് സ്വൈരജീവിതം നഷ്ടപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.