തിരുവല്ല: പെരിങ്ങര ജങ്ഷനില്‍നിന്ന് പൊടിയാടിയിലേക്ക് പോകുന്ന ഭാഗത്ത് ഇന്റര്‍ലോക് ഇടുന്നതിനാൽ കൃഷ്ണപാദം പാലം മുതല്‍ പെരിങ്ങര ജങ്ഷന് വരെ വെള്ളിയാഴ്ച മുതൽ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹനങ്ങള്‍ മറ്റ് അനുബന്ധ പാത സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ----------- വൈദ്യുതി മുടങ്ങും തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ പെരുംതുരുത്തി, വേങ്ങൽ, ആലംതുരുത്തി, അയ്യനാവേലി, വൈലോപ്പള്ളി, ഇലയിടത്തുമഠം, കഴുപ്പിൽ, അയ്യനാവേലി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. ---- നഗരസഭയിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് എൽ.ഡി.എഫ് തിരുവല്ല: കോൺഗ്രസ്-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നഗരസഭയിലെ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കൂട്ടുക്കെട്ട് രൂപപ്പെട്ടത്. രാഷ്ട്രീയ ധാർമികതക്ക് ചേർന്നതല്ലയിത്. ഇത്തരത്തിൽ നേടിയ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ യൂത്ത് കോൺഗ്രസുകാർ നടത്തിയ അതിക്രമങ്ങൾക്കെതിരെ 29ന് പത്തനംതിട്ടയിൽ നടക്കുന്ന ബഹുജന റാലിയിലും പൊതുസമ്മേളനത്തിലും 2500 എൽ.ഡി.എഫ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം സജി അലക്സ് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ അലക്സ് കണ്ണമല, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസീസ് വി. ആന്റണി, ജിജി വട്ടശ്ശേരി, അംബിക മോഹൻ, പ്രഫ. അലക്സാണ്ടർ കെ. ശാമുവേൽ എന്നിവർ സംസാരിച്ചു. ---- അഗ്നിപഥ്: തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് തിരുവല്ല: ഇന്ത്യൻ സൈന്യത്തെ കരാർവത്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും പദ്ധതിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടും തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് കർഷകരും തൊഴിലാളികളും മാർച്ച് നടത്തി. കേരള കർഷക സംഘം, കേരള കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത മാർച്ച് റെയിൽവേ സ്റ്റേഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സേനകളിലേക്ക് നിലനിന്നിരുന്ന റിക്രൂട്ട്മെന്‍റ് സംവിധാനം അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് ഉദയഭാനു പറഞ്ഞു. കരാർ വ്യവസ്ഥയിൽ താൽക്കാലികമായി ആളുകളെ തിരുകിക്കയറ്റുന്നത് സൈന്യത്തെ ആർ.എസ്എസ്വത്കരിക്കാനാണ്. കേരള കർഷക സംഘം ജില്ല സെക്രട്ടറി ആർ. തുളസീധരൻപിള്ള അധ്യക്ഷത വഹിച്ചു. കർഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന ജോയന്‍റ് സെക്രട്ടറി സി. രാധാകൃഷ്ണൻ, കർഷക സംഘം ജില്ല പ്രസിഡന്‍റ് ബാബു കോയിക്കലേത്ത്, സംസ്ഥാന കമ്മിറ്റിയംഗം പി.ആർ. പ്രദീപ്, ഏരിയ സെക്രട്ടറി ജെനു മാത്യു, കർഷക തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് പി.എസ്. കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്. രാജേന്ദ്രൻ, തങ്കമണി നാണപ്പൻ, ഏരിയ സെക്രട്ടറി സി.കെ. പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.