സ്‌കൂട്ടർ യാത്രികനെ മർദിച്ച യുവാവിന്​ ജാമ്യം; പ്രതിഷേധവുമായി ബന്ധുക്കൾ

പന്തളം: സ്‌കൂട്ടറിൽ പോയ യുവാവിനെ തടഞ്ഞുനിർത്തി​ മർദിച്ച് റോഡരികിൽ തള്ളിയ കേസിൽ ഒരാളെ പന്തളം പൊലീസ് അറസ്റ്റ്​ ചെയ്തു. കുളനട പാണിൽ പൂക്കൈത മുരുപ്പേൽ ദിലീപാണ് (30) അറസ്റ്റിലായത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. രണ്ടുപേർകൂടി കേസിലെ പ്രതികളാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൈപ്പുഴ കടലിക്കുന്ന് വട്ടയത്ത് മേലേമുറിയിൽ വി.ടി. ജോർജിനാണ്​ (44) ആക്രമണത്തിൽ പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോർജിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ ചുമത്തിയ തന്നിഷ്ടത്തോടെ കഠിനദേഹോപദ്രവം ഉണ്ടാക്കുകയെന്ന ദുർബല വകുപ്പ്​ പുനഃപരിശോധിക്കണമെന്ന്​ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകീട്ട് ആറോടെ, കടലിക്കുന്നിനു സമീപം കൈതക്കാട്-മംഗലം-ചുവട്ടാന റോഡിൽവെച്ചാണ്​​ ജോർജിനെ മർദിച്ചത്. ഇതിനുശേഷം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും റോഡരികിലെ 20 അടി താഴ്ചയിലേക്ക് മറിച്ചിട്ടിരുന്നു. ജോർജിന്റെ കഴുത്തിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കിടക്കയിൽ വിശ്രമമാണ്​ ഡോക്ടർമാരുടെ നിർദേശം. ഭാര്യ സജിനി ജോണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തത്. സംഭവത്തെ പൊലീസ് ലഘൂകരിക്കുന്നതായും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.