ക്വോറം തികഞ്ഞില്ല; പുറമറ്റത്ത്​ സ്വന്തം പ്രസിഡൻറിന്​ എതിരായ എൽ.ഡി.എഫിന്‍റെ അവിശ്വാസ നീക്കം പാളി

കോഴഞ്ചേരി: പുറമറ്റം ഗ്രാമ പഞ്ചായത്തിൽ സ്വന്തം പ്രസിഡൻറിനെതിരെ എൽ.ഡി.എഫ് തന്നെ കൊണ്ടുവന്ന അവിശ്വാസം ക്വോറം തികയാത്തതിനാൽ ചർച്ച ചെയ്യാതെ മാറ്റി. ആകെയുള്ള 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് -7 യു.ഡി.എഫ് -6 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്​കരിച്ചതോടെ ക്വോറം തികയാതെ അവിശ്വാസം ചർച്ചക്ക് എടുക്കാൻ കഴിയാതെ പോകുകയായിരുന്നു. അഞ്ചാം വാർഡിൽനിന്ന് എൽ.ഡി.എഫ് സ്വതന്ത്രയായി വിജയിച്ച സൗമ്യ ജോബിയാണ് ധാരണപ്രകാരം പ്രസിഡന്‍റ്​ ആയത്. 2021 ജനുവരി 29 വരെയായിരുന്നു പ്രസിഡന്‍റിന് ടേം കാലാവധി നിശ്ചയിച്ച് നൽകിയത്. കാലാവധി തീരുന്ന മുറക്ക് സ്ഥാനം ഒഴിയാമെന്ന് അവർ എൽ.ഡി.എഫിന് ഉറപ്പ് നൽകിയിരുന്നു. ഇത്‌ പാലിക്കാതെ ആറുമാസം കൂടി പ്രസിഡന്‍റായി തുടർന്ന സാഹചര്യത്തിൽ എൽ.ഡി.എഫ് തന്നെ അവിശ്വാസം കൊണ്ടുവരുകയായിരുന്നു. ചർച്ചയിൽ സൗമ്യ ജോബി ഒഴികെ ആറ് മെംബർമാർ പങ്കെടുത്തു. എന്നാൽ, യു.ഡി.എഫ്​ പിന്തുണയിൽ ഏഴാം വർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി ജൂലി കെ. വർഗീസ് എൽ.ഡി.എഫിനെ അനുകൂലിച്ചാൽ പ്രമേയം പാസാകുമെന്നായിരുന്നു ഇടത് പ്രതീക്ഷ. എന്നാൽ, ഇത്‌ പാളി. യു.ഡി.എഫ്​ അംഗങ്ങൾ ഒന്നാകെ യോഗത്തിൽ നിന്ന്​ വിട്ടുനിൽക്കുകയും ചെയ്തു. ---------------------------- പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടി വിദ്യാഭ്യാസ ലക്ഷ്യം - ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുവല്ല: പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടി വിദ്യാഭ്യാസ ലക്ഷ്യമാണെന്നും പരസ്പര കരുതലും സഹകരണവുമുള്ള സമൂഹത്തിൽ മാത്രമേ മാനവ പുരോഗതി സാധ്യമാകൂവെന്നും ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രസ്താവിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ കരുതൽ പദ്ധതിയായ സ്നേഹസ്പർശത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ. സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. തിരുവല്ല ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. യോഗയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ് ഉടമയായ വിദ്യാർഥി ആരോൻ സി. തോമസിന് ആർ.ഡി.ഒ അവാർഡ് സമ്മാനിച്ചു. ജോജി പി. തോമസ്, അനീഷ് കുന്നപ്പുഴ, ഫാ. സി.വി. ഉമ്മൻ, ജോ ഇലഞ്ഞിമൂട്ടിൽ, സൂസൻ ഐ. ചീരൻ, ലാലി മാത്യു, ഷേർളി തോമസ് എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനസഹായവും പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ് പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും പരിശീലനവും നൽകും. PTL 12 KCC Sneha Sparsham കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്നേഹസ്പർശത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നിർവഹിക്കുന്നു ------------------------------------------ ഡോ. എം.എസ്. സുനിലിന്‍റെ 249ാമത് സ്നേഹഭവനം കൈമാറി പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്നവർക്ക്​ പണിത് നൽകുന്ന 249ാമത് സ്നേഹഭവനം കൈമാറി. അരീപ്പറമ്പ് പെരിയോർ പതിക്കൽ വിധവയായ അനിതക്കും രണ്ട്​ കുട്ടികൾക്കുമായി കിടങ്ങൂർ പള്ളിയമ്പിൽ പരേതനായ കുഞ്ഞേപ്പിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ സഹായത്താലാണ്​ വീട്​ നിർമിച്ചു നൽകിയത്​. വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവും കുഞ്ഞേപ്പിന്‍റെ ഭാര്യ അന്നക്കുട്ടി ജോസഫ് നിർവഹിച്ചു. ഒരു കാലിന് സ്വാധീനമില്ലാത്ത അനിത ഭർത്താവ് മരിച്ചശേഷം കൊച്ചുകുട്ടികളുമായി തകർന്നുവീഴാറായ സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു താമസം. ഇവർക്കായി രണ്ട്​ മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ്​ പണിത് നൽകിയത്​. ചടങ്ങിൽ വാർഡ് മെംബർ പൊന്നമ്മ. എസ്, പ്രോജക്ട്​ മാനേജർ കെ.പി. ജയലാൽ, റോയി ജോസഫ്, ലിസി ജോസഫ്, തൈപ്പറമ്പിൽ തങ്കച്ചൻ, ലൈലമ്മ ജോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.