കെ.എസ്.ഇ.ബി ഏനാത്ത് സെക്ഷൻ ഓഫിസിന്​ സ്വന്തം കെട്ടിടമായില്ല

അടൂർ: പ്രവർത്തനം തുടങ്ങി എട്ട് വർഷമായിട്ടും കെ.എസ്.ഇ.ബി ഏനാത്ത് സെക്ഷൻ ഓഫിസിനു സ്വന്തം കെട്ടിടമായില്ല. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കളമലക്കു സമീപമാണ് വാടകക്കെട്ടിടത്തിലെ പരിമിതികളിൽ ഓഫിസ് പ്രവർത്തിക്കുന്നത്. 2014ൽ തുടങ്ങിയ സെക്ഷൻ ഓഫിസ് ഏനാത്ത് വളരെ പരിമിതമായ സ്ഥലത്തെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. മൂന്ന് വർഷമായി ഏനാത്ത് ഇ.എസ്.ഐ ഡിസ്പെൻസറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗത്താണ്. ഏഴംകുളം, ഏറത്ത്, പട്ടാഴി വടക്കേക്കര, കടമ്പനാട് ഗ്രാമപഞ്ചായത്ത് പരിധികളിലെ 15,000ത്തിലേറെ ഉപഭോക്താക്കൾ ഏനാത്ത് സെക്ഷൻ പരിധിയിലുണ്ട്. കാഷ് കൗണ്ടർ, സ്റ്റോർ മുറി, ലൈൻമാൻമാരുടെ വിശ്രമമുറി എന്നിവ താഴത്തെ നിലയിൽ താൽക്കാലികമായി ക്രമീകരിച്ച സ്ഥലത്തും അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയറുടെയും സബ് എൻജിനീയർമാരുടെയും ഓവർസിയറുടെയും മുറികൾ മുകളിലുമാണ്. മഴ പെയ്താൽ നനഞ്ഞൊലിക്കുന്ന പടികൾക്ക് അടുത്തിടെ പരിഹാരമായി തകര ഷീറ്റിട്ട മേൽക്കൂരയുടെ വശത്ത് കുത്തനെ മറയായി ഒരു ഷീറ്റ് സ്ഥാപിച്ചെങ്കിലും ശക്തമായ മഴയത്ത് വെള്ളം പടിയിൽ വീണൊലിക്കും. സാധന സാമഗ്രികൾ സൂക്ഷിക്കാനും പാർക്കിങ്ങിനും സ്ഥലമില്ല. കോടിക്കണക്കിനു രൂപയുടെ സാധന സാമഗ്രികൾ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. 12 ലൈൻമാൻമാരുടെ തസ്തികയുണ്ടെങ്കിലും 10 പേർ മാത്രമേ ഉള്ളൂ. ഇതിൽ ഒരാൾ അപകടത്തിൽപെട്ട് അവധിയിലാണ്. ആറ് ഓവർസിയർമാരിൽ ഒരാൾ വിരമിച്ചു. സബ് എൻജിനീയർമാർ മൂന്ന് പേരുണ്ട്. നാല് ഗ്രാമപഞ്ചായത്ത് പരിധികളിലെ നിലാവ് പദ്ധതിയുടെ വിളക്ക് സ്ഥാപിക്കൽ, പ്രളയത്തിൽ മുങ്ങുന്ന ട്രാൻസ്ഫോർമറുകൾ മാറ്റിവെക്കൽ, ദിനവുമുള്ള അറ്റകുറ്റപ്പണികൾ, ലൈൻ വലിക്കൽ എല്ലാം ചെയ്യേണ്ടതുണ്ട്. ഉപയോഗയോഗ്യമല്ലാത്ത സാധന സാമഗ്രികൾ സൂക്ഷിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇ.എസ്.ഐ ഡിസ്പെൻസറിയുടെ പാർക്കിങ് സ്ഥലത്താണ്. ഗ്രാമപഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകിയാൽ ഓഫിസിന്‍റെ പരിമിതികൾക്കു പരിഹാരമാകും. PTL ADR KSEB 1. കെ.എസ്.ഇ.ബി ഏനാത്ത് സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്ന വാടക കെട്ടിടം 2. ഇ.എസ്.ഐ ഡിസ്പെൻസറിയുടെ പാർക്കിങ് സ്ഥലത്ത് ഉപയോഗയോഗ്യമല്ലാത്ത സാധന സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു. വാഹന പാർക്കിങ്ങും ഇവിടെ തന്നെ 3. കെ.എസ്.ഇ.ബിയുടെ വിലപിടിപ്പുള്ള സാധന സാമഗ്രികൾ മഴയും വെയിലുമേറ്റ് തുറസായ സ്ഥലത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.