കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ്; രോഗികൾ വലയുന്നു

പന്തളം: കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ വലയുന്നു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല്​ ഡോക്ടർമാരുള്ള ആശുപത്രിയിൽ എൻ.എച്ച്.എം വഴി നിയമിച്ച ഡോക്ടർ രാജിവെച്ച്​ പോയതോടെയാണ് ഡോക്ടറെ കാണാൻ കാത്തുനിന്ന്​ വലയേണ്ട സ്ഥിതിയിൽ രോഗികളെത്തിയത്​. ദിവസേന ഒ.പിയിൽ 300ഓളം പേർ എത്തുന്നുണ്ട്​. രാവിലെ 9.30 മുതൽ വൈകീട്ട്​ നാലുവരെയാണ്​ ഡോക്ടർമാരുടെ സേവനം ലഭിക്കുക. എല്ലാ മാസവും അവസാന അഞ്ചുദിവസം ആശുപത്രിക്ക് പുറത്തുള്ള സബ് സെന്‍ററുകളിൽ കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് എടുക്കാൻ ഡോക്ടർമാർക്ക്​ പോകേണ്ടതുണ്ട്. രണ്ട് ഡോക്ടർമാർ അതിനു പോകുമ്പോൾ ഒരു ഡോക്ടറുടെ സേവനം മാത്രമേ ആശുപത്രിയിൽ ലഭിക്കുന്നുള്ളൂ. കുടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ മെഡിക്കൽ ഓഫിസർ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഡോക്ടർമാരുടെ കുറവ് മൂലം കഴിഞ്ഞ രണ്ട് ദിവസമായി പനി ബാധിച്ച കുട്ടികളടക്കം ഒട്ടേറെ പേരാണ് ചികിത്സക്ക്​ കാത്തുനിൽക്കേണ്ടി വന്നത്. ചികിത്സ വൈകിയതിനാ‍ൽ പലരും സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അഞ്ച് ഡോക്ടർമാരുടെ സേവനമെങ്കിലും ഒ.പി വിഭാഗത്തിൽ ലഭ്യമാക്കിയാൽ ചികിത്സ തേടി എത്തുന്നവർക്ക് വേഗം പരിശോധന നൽകാനാകും. ഇതൊന്നും അധികൃതർ ചെയ്യുന്നില്ല. ആശുപത്രിയിൽ ഡി.എം.ഒ ഓഫിസിൽനിന്ന്​ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും നിലവിലെ ഡോക്ടർമാർ രോഗികളെ നോക്കിയാൽ മതി എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.