വീടിന്റെ പണി പൂര്‍ത്തിയായെന്ന് അസി. എന്‍ജിനീയര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് പത്തനംതിട്ട: പട്ടികജാതി വീട്ടമ്മക്ക് വീട് അറ്റകുറ്റപ്പണിക്ക് സ്വകാര്യ ട്രസ്റ്റ് അടക്കം നല്‍കിയ പണം സി.പി.എം നേതാക്കൾ കൈക്കലാക്കിയതായി പരാതി. വീടിന്‍റെ ആസ്ബസ്‌റ്റോസിന് മുകളില്‍ 20 കമഴ്‌ത്തി ഓടും അടുക്കളയില്‍ പുകയില്ലാത്ത അടുപ്പും മാത്രം സ്ഥാപിച്ച് 59,000 രൂപ നേതാക്കൾ കൈക്കലാക്കിയെന്നാണ് പരാതി. 10,000 രൂപയുടെ പണിപോലും നടത്തിയിട്ടില്ല. സി.പി.എം ഏരിയ കമ്മിറ്റിയംഗവും ലോക്കല്‍ കമ്മിറ്റിയംഗവുമായ രണ്ട് പഞ്ചായത്തംഗങ്ങള്‍, വീടിന്റെ പണി കഴിഞ്ഞുവെന്ന് വ്യാജ റിപ്പോര്‍ട്ട് നല്‍കിയ പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ എന്നിവരെ പ്രതികളാക്കി വീട്ടമ്മ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന് പരാതി നല്‍കി. നാരങ്ങാനം നോര്‍ത്ത് പെരുമ്പാറ ചരിവുകാലായില്‍ സരസമ്മയാണ് നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ അബിത ഭായി, സി.പി.എം ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് 14ാം വാര്‍ഡ് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗവുമായ ബെന്നി ദേവസ്യ, പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ എതിര്‍കക്ഷികളാക്കി ഓംബുഡ്‌സ്മാന് പരാതി നൽകിയത്. വീട്ടിൽ സരസമ്മയും മകൻ കണ്ണനുമാണ് താമസം. സരസമ്മക്ക് 2021-22 സാമ്പത്തിക വര്‍ഷം പട്ടികജാതി ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ക്രമനമ്പര്‍ ഒന്നായി 35,000 രൂപ പഞ്ചായത്തില്‍നിന്ന് അനുവദിച്ചിരുന്നു. എസ്.ബി.ഐയുടെ നാരങ്ങാനം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തിയത്. വീടിന്റെ പുനരുദ്ധാരണം നടത്താന്‍ നാരങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന മലനാട് മില്‍ക്ക് സൊസൈറ്റി പ്ലാന്‍റ് അധികൃതര്‍ 25,000 രൂപയും സരസമ്മക്ക് അനുവദിച്ചിരുന്നു. ഈ പണം യൂക്കോ ബാങ്ക് നെല്ലിക്കാല ശാഖ വഴിയാണ് കൊടുത്തത്. വിവരമറിഞ്ഞ വാര്‍ഡ് മെംബര്‍ അബിത ഭായി സരസമ്മയെ സമീപിക്കുകയും വീടിന്റെ പ്ലാസ്റ്ററിങ് ഉള്‍പ്പെടെ എല്ലാ അറ്റകുറ്റപ്പണിയും ചെയ്തു നല്‍കാമെന്ന് പറഞ്ഞ് രണ്ടു ബാങ്കുകളിലായി ഉണ്ടായിരുന്ന 59,000 രൂപ സരസമ്മയെക്കൊണ്ട് പിന്‍വലിപ്പിച്ച് അബിത ബായി കൈക്കലാക്കിയത്രെ. അമ്മയെ വിളിച്ചു കൊണ്ടുപോയി പണം വാങ്ങിയെടുത്തിട്ട് ഓട്ടോയില്‍ തിരിച്ചു കൊണ്ടുവിടുമ്പോഴാണ് വിവരം അറിയുന്നതെന്ന് സരസമ്മയുടെ മകന്‍ കണ്ണന്‍ പറയുന്നു. ഇതിന് ശേഷം വീടിന്റെ പുനരുദ്ധാരണം മെംബറുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നേരത്തേ ഇട്ടിരുന്ന ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ക്ക് മുകളില്‍ 20 കമഴ്‌ത്തി ഓടുകള്‍ സ്ഥാപിച്ചു. അടുക്കളയില്‍ പുകയില്ലാത്ത അടുപ്പും വെച്ചുകൊടുത്തു. മറ്റ് പണികളൊന്നും നടത്തിയില്ല. ശേഷിച്ച പണം വീട്ടുകാര്‍ ചോദിച്ചപ്പോള്‍ അത് നിങ്ങളുടെ കൈയിലിരുന്നാല്‍ ഭക്ഷണം കഴിച്ചു തീര്‍ക്കുമെന്നും വേണ്ട പണികള്‍ താന്‍ ചെയ്തുകൊള്ളാമെന്ന് വാര്‍ഡ് മെംബര്‍ പറഞ്ഞെന്നും കണ്ണന്‍ പറയുന്നു. പിന്നീട് സരസമ്മ ഫോണ്‍ വിളിച്ചാൽ അബിത എടുക്കാതായി. നേരില്‍ ചെന്നിട്ടും കാണാന്‍ കൂട്ടാക്കിയില്ല. വീടുപണി തീര്‍ക്കാമെന്ന് പറഞ്ഞ് പിന്നീട് 14ാം വാര്‍ഡ് മെംബര്‍ രംഗത്തുവന്നെങ്കിലും പണിയൊന്നും നടന്നില്ല. ഇതിനിടെ വീടിന്റെ പണി പൂര്‍ത്തിയായെന്ന് പറഞ്ഞ് അസി. എന്‍ജിനീയര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് സരസമ്മ പരാതിയില്‍ പറയുന്നു. അതോടെ ശേഷിച്ച പണം മെംബര്‍മാരുടെ കൈവശമായി. അത് നിര്‍ധന കുടുംബത്തിന് തിരിച്ചുനല്‍കാനോ വീടുപണി പൂര്‍ത്തീകരിക്കാനോ മെംബര്‍മാര്‍ തയാറായില്ല. എന്‍ജിനീയര്‍ നാളിതുവരെ തന്റെ വീട്ടിലെത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് സരസമ്മ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.