കോൺഗ്രസ്, സി.പി.എം പ്രതിഷേധങ്ങൾ നേർക്കുനേർ; പന്തളത്ത്​ സംഘർഷാവസ്ഥ

പന്തളം: കോൺഗ്രസ് പ്രതിഷേധയോഗം നടക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്​ പന്തളം നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോൺഗ്രസ്​ നേതാക്കൾ സഞ്ചരിച്ച കാറിനുനേരെ ചീമുട്ടയേറ് നടന്നു. പന്തളം കുന്നിക്കുഴി ജങ്​ഷനിൽ ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് ചൊവ്വാഴ്ച വൈകീട്ട്​ പ്രതിഷേധയോഗം സംഘടിപ്പിച്ചത്. മുട്ടാർ ജങ്​ഷനിലെ കോൺഗ്രസ് ഓഫിസും തകർത്തിരുന്നു. മുട്ടാർ ജങ്​ഷനിൽനിന്ന്​ ആരംഭിച്ച പ്രകടനം കുന്നിക്കുഴി കവലയിൽ സമാപിച്ചശേഷം സമ്മേളനം ആരംഭിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു സംസാരിച്ചുകൊണ്ടിരിക്കെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുന്നിക്കുഴി കവലക്ക്​ പടിഞ്ഞാറുഭാഗത്തുനിന്ന്​ പ്രകടനവുമായി എത്തുകയായിരുന്നു. പ്രകടനം കോൺഗ്രസ് സമ്മേളന വേദിക്കുസമീപം പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. തൊട്ടുപിന്നാലെ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരും പ്രകടനമായി എത്തി. തുടർന്ന്, പൊലീസ് കോൺഗ്രസ് സമ്മേളനവേദി വലയം ചെയ്തു. സമ്മേളനവേദിക്ക്​ മുന്നിലൂടെ ജനാധിപത്യ മഹിള അസോസിയേഷൻ പ്രകടനം നീങ്ങി. പ്രകടനമായി എത്തിയ ഡി.വൈ.എഫ്​.ഐക്കാരെ പൊലീസ്​ തടഞ്ഞുവെച്ചിരുന്നെങ്കിലും അവർ പിന്നീട് പൊലീസ് വലയം ഭേദിച്ച് കോൺഗ്രസ്​ സമ്മേളനത്തിന് മുന്നിലൂടെ നീങ്ങി. ഇത്​ ചെറിയ സംഘർഷത്തിനിടയാക്കി. പൊലീസ് മുന്നറിയിപ്പ് വകവെക്കാതെയാണ് ഡി.വൈ.എഫ്.ഐയും ജനാധിപത്യ മഹിള അസോസിയേഷനും പ്രകടനം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ നേതാക്കളായ എച്ച്.നവാസ്, അബ്ദുള്ള, എൻ.സി. അഭീഷ്, എസ്.സന്ദീപ്, ഷെമീർ എന്നിവർ നേതൃത്വം നൽകി. മഹിള അസോസിയേഷൻ ഭാരവാഹികളായ ടി.കെ. സതി, ഷംസ്ജാ, സുധാമണി, ഇന്ദു, ശ്രീലത, പ്രമീള എന്നിവർ നേതൃത്വം നൽകി. സമ്മേളനശേഷം മടങ്ങുകയായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി ജനറൽ സെക്രട്ടറി ഡി.എൻ. തൃദീപ് എന്നിവർ സഞ്ചരിച്ച കാറിനുനേരെ കെ.എസ്.ആർ.ടി.സി റോഡിൽവെച്ച്​​ ചീമുട്ടയെറിഞ്ഞു​. പ്രതിഷേധ സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ പന്തളം വാഹിദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.