കൊറ്റനാട് സഹകരണ ബാങ്ക്​: പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ എത്തി

മല്ലപ്പള്ളി: കൊറ്റനാട് സർവിസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ സംഘടിച്ച് ബാങ്കിലെത്തി. പണം ലഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍നിന്ന്​ വ്യക്തമായ വിവരം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു നിക്ഷേപകർ. ചൊവ്വാഴ്ച മൂന്നുമണിയോടെ ബാങ്കിലെത്തിയവർ അഞ്ചുമണി കഴിഞ്ഞിട്ടും ബാങ്കില്‍നിന്ന്​ ഇറങ്ങാന്‍ തയാറായില്ല. അറസ്റ്റ് ചെയ്ത്​ നീക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചിട്ടും മടങ്ങാന്‍ തയാറായില്ല. അസിസ്റ്റന്‍റ്​ രജിസ്ട്രാറുമായി ഫോണില്‍ നടത്തിയ ചര്‍ച്ചക്ക്​ ശേഷമാണ് പിരിഞ്ഞുപോയത്. സ്ത്രീകളടക്കം 12 നിക്ഷേപകരാണ് പണം തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ അസിസ്റ്റന്‍റ്​ രജിസ്ട്രാറെ വിവരമറിയിച്ചു. അദ്ദേഹം ഫോണിലൂടെ ഇവരുമായി സംസാരിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ നേരിട്ട് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം ഉറപ്പുനൽകിയതായി നിക്ഷേപകര്‍ പറഞ്ഞു. ഈ ഉറപ്പിൽ തല്‍ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. രണ്ടു മുതല്‍ 12 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവര്‍ ഇതില്‍പെടുന്നു. 96 ലക്ഷം രൂപയാണ് ഇത്രയും പേര്‍ക്ക്​ മാത്രമായി നൽകാനുള്ളത്. നഷ്ടത്തിലായ ബാങ്കില്‍നിന്ന്​ നിക്ഷേപം തിരികെ കിട്ടാൻ വര്‍ഷങ്ങളായി ഇവർ കയറിയിറങ്ങുകയാണ്. ഒരു വര്‍ഷത്തിലേറെയായി ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിലാണ്. നിക്ഷേപകർ ഹൈകോടതിയിൽ കേസും നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.