കല്ലൂപ്പാറയില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കല്ലൂപ്പാറ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്ക് നല്‍കിയത് ഉപയോഗപ്പെടുത്തി കല്ലൂപ്പാറയില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഈ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ജില്ലയില്‍ ആദ്യമായാണ് പ്രത്യേക പരിശീലനം ലഭിച്ച എം. പാനല്‍ ഷൂട്ടറുടെ നേതൃത്വത്തില്‍ പന്നിയെ വെടിവെക്കുന്നത്. കല്ലൂപ്പാറ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കരിമ്പില്‍ റെജിയുടെ പുരയിടത്തില്‍ നിന്നാണ് 90 കിലോയിലധികം വരുന്ന പന്നിയെ എം.പാനല്‍ ഷൂട്ടര്‍ ജോസ് പ്രകാശ് കഴിഞ്ഞ രാത്രി വെടിവെച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ചെറിയാന്‍ മണ്ണഞ്ചേരി, വാര്‍ഡ് അംഗം ടി.ടി. മനു, കര്‍ഷക ജാഗ്രത സമിതി അംഗങ്ങളായ ലെജു എബ്രഹാം, ടിജോ ജോസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ശാസ്ത്രീയമായി മറവ് ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ പരിശീലനം ലഭിച്ച രണ്ട് എം.പാനല്‍ ഷൂട്ടര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കര്‍ഷക ജാഗ്രത സമിതി അംഗങ്ങള്‍ ഏതാനും ദിവസങ്ങളായി കൃഷിയിടങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. പന്നി ശല്യം മൂലം കൃഷി വന്‍തോതില്‍ കുറഞ്ഞ പഞ്ചായത്തില്‍ അത് വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. പന്നികളെ തുരത്താന്‍ കര്‍ഷക ജാഗ്രത സമിതി അംഗങ്ങളുടെ സഹകരണവും പഞ്ചായത്ത് ഉറപ്പാക്കുന്നു. കാടുകയറി കിടക്കുന്ന പുരയിടങ്ങള്‍ തെളിക്കാന്‍ ഉടമകള്‍ക്ക് പഞ്ചായത്ത് നിര്‍ദേശം നല്‍കി. എന്നാല്‍, ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തില്‍ ഐക്കരപ്പടിയിലുള്ള കല്ലൂപ്പാറ എൻജിനീയറിങ്​ കോളജി‍ൻെറ ഏക്കറുകണക്കിന് ഭൂമി കാടുകയറി കിടക്കുന്നത് തെളിക്കുന്നതിനുള്ള നടപടി എവിടെയും എത്താത്തത്​ പരാതിക്ക്​ ഇടയാക്കിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.