അബാൻ മേൽപാല നിർമാണം; വ്യാപാരികളുടെ ആശങ്ക അകലുന്നു

പത്തനംതിട്ട: അബാൻ മേൽപാല നിർമാണത്തോട്​ അനുബന്ധിച്ച് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് നഗരസഭ ചെയർമാ‍ൻെറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് വ്യാപാരികളിൽനിന്ന്​ സ്വകാര്യ ബസ് ഓപറേറ്റർമാരിൽനിന്ന്​ പ്രതിഷേധമുയർന്നു. നഗരസഭ ബസ് സ്റ്റാൻഡിന്​ മുൻവശം റോഡ് പൂർണമായും പൈലിങ്​ പ്രവർത്തികൾക്കായി അടക്കുന്നത് വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുമെന്നും അനിശ്ചിതകാലത്തേക്ക് ഏർപ്പെടുത്തുന്ന ഗതാഗത നിരോധനം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരികൾ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ചെയർമാൻ ഇടപെട്ടത്. നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡായി പ്രവർത്തിക്കുന്ന ഭാഗം എല്ലാ ബസുകളുടെയും പ്രവേശനകവാടമായി പ്രവർത്തിക്കണമെന്ന നിർദേശം അംഗീകരിക്കപ്പെട്ടു. നഗരസഭ ബസ് സ്റ്റാൻഡിന് വടക്കുഭാഗത്തുകൂടി എല്ലാ ബസുകളും പ്രവേശിച്ച് ഓപൺ സ്റ്റേജിന് തെക്കുഭാഗത്ത് കൂടി പുറത്തേക്ക് പോകണം എന്നാണ് നിർദേശം. കൂടാതെ കെട്ടിട സമുച്ചയത്തിന് മുൻവശമുള്ള പാർക്കിങ്​ പൂർണമായി ഒഴിവാക്കി ചെറിയ വാഹനങ്ങൾക്ക് ഗതാഗത സൗകര്യം ഒരുക്കാനും തീരുമാനമായി. ജൂലൈ മാസം 31ന് മുമ്പ്​ നഗരസഭ സ്റ്റാൻഡിന് മുന്നിലുള്ള പൈലിങ്​ പ്രവൃത്തി പൂർത്തീകരിച്ച് റോഡ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് മുനിസിപ്പൽ ചെയർമാൻ നിർദേശം നൽകി. കുമ്പഴ ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷന് മുൻവശത്തുകൂടി കെ.എസ്.ആർ.ടി.സി റോഡ് വഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനും ജൂലൈ മാസം 31വരെ അബാൻ ജങ്​ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെ വൺവേ ആക്കുന്നതിനും ആലോചിക്കുന്നതായി മുനിസിപ്പൽ ചെയർമാൻ ടി. സക്കീർഹുസൈൻ പറഞ്ഞു. വരും ദിവസങ്ങളിൽ പരീക്ഷണാർഥം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമാകും താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. വാർഡ് കൗൺസിലർ എസ്. ഷമീർ, മുനിസിപ്പൽ എൻജിനീയർ സുധീർരാജ്, വ്യാപാരി വ്യവസായി നേതാക്കൾ ജയപ്രകാശ്, റഹീം മാക്കാർ, അശോകൻ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, ബസ് ഓണഴ്സ് പ്രതിനിധി നിയാസ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.