പത്തനംതിട്ട: സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായാൽ ശബരിമലയിലെ വികസന പ്രവർത്തനങ്ങളും മുടങ്ങും. തീർഥാടകരും പ്രതിസന്ധിയിലാകും. ശബരിമല തീർഥാടനത്തിൻെറ പ്രധാന കേന്ദ്രങ്ങളായ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൻെറ ഭാഗമാണ്. ഇവിടെയെല്ലാം ദേവസ്വം ബോർഡിൻെറ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും വനാതിർത്തിയിലാണ്. ഉത്തരവ് നടപ്പിലായാൽ ശബരിമല മാസ്റ്റർ പ്ലാനടക്കം എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ വനംവകുപ്പിൻെറ അനുമതിയോടെയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. സുപ്രീംകോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ വീണ്ടും ഇവക്കെല്ലാം അനുമതി തേടേണ്ടിവരും. പമ്പാ ഹിൽടോപ് മുതൽ ഗണപതിക്ഷേത്രം വരെയുള്ള സുരക്ഷ പാലം, ഹിൽടോപ്പിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മുതൽ സന്നിധാനം പൊലീസ് ബാരക്കുവരെ ചരക്കുനീക്കം ചെയ്യാനുള്ള 50 കോടിയുടെ റോപ്വേ പദ്ധതി, സന്നിധാനത്ത് പതിനെട്ടാംപടിയിലെ പുതിയ മേൽക്കൂര നിർമാണം, അതിഥി മന്ദിരങ്ങളുടെ നവീകരണം തുടങ്ങി ശബരിമലയിലെ ദേവസ്വം ബോർഡിൻെറ മുഴുവൻ പദ്ധതികളെയും പുതിയ ഉത്തരവ് ബാധിക്കും. വിശ്രമകേന്ദ്രം, ശുചിമുറി, സ്വീവേജ് പ്ലാന്‍റ് അടക്കമുള്ള സമഗ്രപദ്ധതി 54.35 കോടി ചെലവഴിച്ചാണ് നടപ്പാക്കുന്നത്. പുതിയ നിർദേശം വരുന്നതോടെ ഈ പ്രവർത്തനങ്ങൾ നിർത്തേണ്ടിവരും. നീലിമലപ്പാതയിൽ കേന്ദ്ര സർക്കാറിൻെറ സ്പിരിച്വൽ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി 11.30 കോടി രൂപയുടെ വിവിധ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലക്കൽ കുടിവെള്ള പദ്ധതിയും മുടങ്ങും നിലക്കൽ എത്തുന്ന തീർഥാടകർക്കും സമീപവാസികൾക്കും ശുദ്ധജലമെത്തിക്കാനുള്ള നിലക്കൽ കുടിവെള്ള പദ്ധതിയും മുടങ്ങും. പദ്ധതി തുടങ്ങുന്ന സീതത്തോടുമുതൽ നിലക്കൽവരെയുള്ള സ്ഥലം പരിസ്ഥിതിലോല പ്രദേശത്തിൻെറ പരിധിയിൽ വരും. വാട്ടർ ടാങ്ക്, ജലശുദ്ധീകരണ പ്ലാന്‍റ് എന്നിവയുടെ നിർമാണവും തുടരുന്നതിന് ഉത്തരവ് തടസ്സമാണ്. തീർഥാടന കാലത്തിന് പുറമേ വർഷം മുഴുവൻ സമയവും പ്രവർത്തിക്കുന്ന നിലക്കൽ സർക്കാർ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളും അവതാളത്തിലാകും. ളാഹ, മഞ്ഞത്തോട്, അട്ടത്തോട്, പമ്പാവാലി, ആങ്ങമൂഴി പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രയം ഈ ആശുപത്രിയാണ്. നേരത്തേതന്നെ ശബരിമല വികസനത്തിന് സ്ഥലമെടുക്കാൻ പാടില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം താങ്ങാൻ കഴിയാത്തതാണെന്നും നിയന്ത്രിക്കണമെന്നും വനംവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. അഴുമേട്, കരിമല, പുല്ലമേട് തുടങ്ങിയ സ്ഥലങ്ങളിലൂടെ തീർഥാടകരെ കയറ്റിവിടരുതെന്ന് പെരിയാർ കടുവ സംരക്ഷണകേന്ദ്രവും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ 42 ഹെക്ടറും നിലക്കലിൽ 100 ഹെക്ടറും വനപ്രദേശം വിട്ടുനൽകണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ട് വരുന്നത്. അതിൻെറ സാധ്യതയും ഇല്ലാതായേക്കും. പ്രത്യേക പരിഗണന വേണ്ട നിർമാണങ്ങൾക്ക് അനുമതി നൽകാമെന്ന് സുപ്രീംകോടതി ഉത്തരവിലുണ്ട്. അതനുസരിച്ച് ശബരിമലയിലെ നിർമാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാറിന് കഴിയുമെന്ന് വാദിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.