പത്തനംതിട്ട: ആദിപമ്പയിലും വരട്ടാറിലും അനധികൃത മണൽ ഖനനം നടക്കുന്നില്ലെന്ന ആർ.ഡി.ഒയുടെ റിപ്പോർട്ട് വിവാദമാകുന്നു. റിപ്പോർട്ടിനെതിരെ ഇടനാട്, കോയിപ്രം മേഖലയിലെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡ്രഡ്ജർ ഉപയോഗിച്ച് ഖനനം ചെയ്ത ലോഡുകണക്കിന് മണൽ കല്ലിശ്ശേരിയിലെ ഡംബിങ് യാർഡിൽ കൂട്ടിയിട്ടിരിക്കുന്നത് റിപ്പോർട്ട് തയാറാക്കിയവർ കണ്ടതായി നടിച്ചിട്ടില്ല. മണൽ ഇതിനോടകം വിറ്റ് തീർത്തതിനാൽ ഇത് തെളിവായി സ്വീകരിക്കേണ്ടതില്ലെന്നാണ് വിശദീകരണം. ആദിപമ്പയുടെയും വരട്ടാറിൻെറയും പുനരുദ്ധാരണം ലക്ഷ്യമിട്ട് കഴിഞ്ഞ സെപ്റ്റംബർ 22നാണ് ചളിയും എക്കലും നീക്കാൻ ഇറിഗേഷൻ വകുപ്പ് കരാറുകാരന് അനുമതിനൽകിയത്. ആറാട്ടുപുഴക്ക് താഴെ പമ്പയിൽനിന്ന് ആദിപമ്പ ആരംഭിക്കുന്ന ഭാഗത്തെ ചളി നീക്കംചെയ്ത് തുടങ്ങിയപ്പോഴാണ് വൻതോതിൽ മണൽ അടിത്തട്ടിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന കാര്യം കരാറുകാരൻെറ ശ്രദ്ധയിൽപെട്ടത്. ഇതോടെ എക്കൽ, ചളി നീക്കം അവസാനിച്ചു. കുഴിക്കുന്തോറും കൂടുതൽ മണൽ നിക്ഷേപം കണ്ടതോടെ ആദ്യം കല്ലിശ്ശേരിയിൽ ഡംബിങ് യാർഡ് തുറന്നു. കുഴിച്ചെടുക്കുന്ന മണൽ അതോടെ യാർഡിലേക്ക് മാറ്റാനും തുടങ്ങി. കോയിപ്രത്തെയും ആലപ്പുഴ ജില്ലയിലെ ഇടനാടിനെയും വേർതിരിച്ച് ഒഴുകുന്ന ആദിപമ്പയിൽനിന്ന് നാലുമാസത്തിനിടെ കുഴിച്ചെടുത്തത് പതിനായിരം ലോഡിലധികം മണലാണ്. കല്ലിശ്ശേരിയിലെ യാർഡ് നിറഞ്ഞതോടെയാണ് ഓതറ കുന്നേക്കാട് ക്ഷേത്രത്തിന്റെ സമീപത്തും പുതിയത് തുടങ്ങിയത്. കല്ലിശ്ശേരിയിലെ യാർഡിലെ മണൽ പൂർണമായും ഇവിടെനിന്ന് മാറ്റി. കുന്നേക്കാട്ടെ യാർഡിൽ ഇപ്പോഴും മണൽ കൂനകൂട്ടിയിട്ടിട്ടുണ്ട്. ഹൈകോടതി അഭിഭാഷകനായ ആർ.ബി. ബാലചന്ദ്രൻ മണൽക്കൊള്ള ചൂണ്ടിക്കാട്ടി കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആലപ്പുഴ കലക്ടറോട് ആവശ്യപ്പെട്ടു. കലക്ടർ പരിശോധനക്ക് ആർ.ഡി.ഒയെ ചുമതലപ്പെടുത്തുകയായിരുന്നു. ആർ.ഡി.ഒ നൽകിയ റിപ്പോർട്ടിൽ എല്ലാം കാര്യക്ഷമമായി നടക്കുന്നുവെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോർട്ട് തയാറാക്കാൻ ആർ.ഡി.ഒ ഖനന മേഖലയിൽ എത്തി പരിശോധന നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും ആകെ നീക്കം ചെയ്തത് ചളിയുടെ 9.52 ശതമാനം മാത്രമാണെന്നുള്ള ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ റിപ്പോർട്ടും പരിശോധിച്ചിട്ടില്ല. ചളിക്കു പകരം കരാറുകാരൻ മണലാണ് നീക്കം ചെയ്യുന്നതെന്ന പരാമർശം ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ കത്തിൽ ഉണ്ടായിരുന്നു. ഈ കത്തിന്റെ കോപ്പി കലക്ടറെ കാണിക്കാനിരിക്കുകയായിരുന്നു നാട്ടുകാർ. നാട്ടുകാരുടെ മൊഴി എടുത്തിരുന്നുവെങ്കിൽ മണൽക്കൊള്ളയുടെ രൂക്ഷത ആർ.ഡി.ഒക്ക് വ്യക്തമാകുമായിരുന്നു. മണൽക്കൊള്ള അട്ടിമറിക്കാൻ രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലും നടന്ന നീക്കത്തിനെതിരെ വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന് പൊതുപ്രവർത്തകനായ ആർ.ബി. ബാലചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.